ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഹകരിക്കില്ല: ബിഡിജെഎസ്

ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ആലപ്പുഴയിൽ വാർത്താസമ്മേളനത്തിനിടെ.

ആലപ്പുഴ∙ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കില്ലെന്നു ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎയിലെ ബിജെപി ഇതരകക്ഷികളുടെ യോഗം വിളിക്കുമെന്നും തീരുമാനം പ്രഖ്യാപിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ തുഷാര്‍ പറഞ്ഞു. എൻഡിഎ ബന്ധത്തെപ്പറ്റി ചർച്ച ചെയ്യാൻ ചേർന്ന ബിഡിജെഎസ് യോഗത്തിനു ശേഷമായിരുന്നു വാർത്താസമ്മേളനം.

രാജ്യസഭാ സീറ്റിന്റെ പേരില്‍ ബിജെപിയിലെ ചിലര്‍ തന്നെയും പാര്‍ട്ടിയെയും അധിക്ഷേപിച്ചുവെന്ന് തുഷാർ വെള്ളാപ്പള്ളി ആരോപിച്ചു. ഇക്കാര്യത്തില്‍ നടപടിക്കു രേഖാമൂലം ആവശ്യപ്പെടും. രാജ്യസഭാ സീറ്റ് താനോ പാര്‍ട്ടിയോ ആവശ്യപ്പെട്ടിട്ടില്ല. ഇടതുമുന്നണിയിലേക്കു പോകണമെങ്കില്‍ ഒന്നു മൂളിയാല്‍ മതിയെന്നും തുഷാര്‍ അവകാശപ്പെട്ടു. എല്‍ഡിഎഫിന് മഅദനിയുമായി സഹകരിക്കാമെങ്കില്‍ ബിഡിജെഎസിനോടു സഹകരിക്കാനാകില്ലേയെന്നും തുഷാര്‍ ചോദിച്ചു.

ലഭിക്കുമെന്നു പ്രതീക്ഷിച്ച രാജ്യസഭാംഗത്വം തുഷാര്‍ വെള്ളാപ്പള്ളിക്കു നഷ്ടമായ സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം പ്രവര്‍ത്തിക്കേണ്ടതില്ലെന്നായിരുന്നു യോഗത്തിലെ പൊതുവികാരം. ബിഡിജെഎസ് എന്‍ഡിഎയില്‍ തുടരണമെന്ന അഭിപ്രായം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരൻ ആവര്‍ത്തിച്ചിരുന്നു. ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങളിലേക്ക് അര്‍ഹമായ പദവികള്‍ നല്‍കിയാല്‍മാത്രം തിര‍ഞ്ഞെടുപ്പില്‍ സഹകരിക്കാമെന്നായിരുന്നു നേരത്തെയുള്ള ബിഡിജെഎസ് നിലപാട്.