ജനം പ്രശ്നങ്ങളിൽ; മോദി ലോകനേതാക്കളെ കാഴ്ച കാണിക്കുന്നു: ശിവസേന

ശിവസേന നേതാവ് ഉദ്ധവ് താക്കറെ. (ഫയൽ ചിത്രം)

ന്യൂ‍ഡൽഹി∙ യുപി, ബിഹാർ ഉപതിരഞ്ഞെടുപ്പുകളിലെ തിരിച്ചടിക്കു പിന്നാലെ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രൂക്ഷമായി വിമർശിച്ചു ശിവസേന. മോദി സർക്കാരിനെ വിമർശിച്ചും മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനെ ഉപദേശിച്ചും ശിവസേന മുഖപത്രമായ സാമ്‌നയാണു രംഗത്തെത്തിയത്. സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഗണിക്കാതെ ലോകനേതാക്കളെ ഇന്ത്യയിലേക്കു ക്ഷണിക്കുന്നതിനും അവരെ വിനോദസഞ്ചാരത്തിനു കൊണ്ടുപോകുന്നതിനുമുള്ള തിരക്കിലാണു പ്രധാനമന്ത്രിയെന്നു ശിവസേന കുറ്റപ്പെടുത്തി.

തൊഴിലില്ലായ്മ, അഴിമതി, ദാരിദ്ര്യം, കർഷക ആത്മഹത്യ തുടങ്ങി ഒട്ടേറെ പ്രശ്നങ്ങളാണു സാധാരണക്കാർ അഭിമുഖീകരിക്കുന്നത്. ഇതിലൊന്നും പ്രധാനമന്ത്രിക്കു യാതൊരു താൽപര്യവുമില്ല. സാധാരണക്കാരുടെ പ്രശ്നങ്ങൾ അവർതന്നെ പരിഹരിക്കണമെന്നാണു സര്‍ക്കാർ ചിന്തിക്കുന്നതെന്നും മുഖപ്രസംഗം ആരോപിക്കുന്നു.

ബിഹാറിലും ഉത്തർപ്രദേശിലും ബിജെപിക്കു നേരിട്ട തിരിച്ചടി പ്രതിപക്ഷത്തിനു കൂടുതൽ ഉണർവു പകർന്നിട്ടുണ്ട്. ബിജെപിക്കു സഹായം നൽകി കുടുക്കിലായെന്നു ജനങ്ങൾ മനസിലാക്കിയിരിക്കുന്നു. മിന്നലാക്രമണം നടത്തിയിട്ടും പാക്കിസ്ഥാന്റെ മനോഭാവം മാറിയില്ല. ഇതെല്ലാം മോദി സർക്കാരിന്റെ വീഴ്ചയാണു കാണിക്കുന്നതെന്നും ശിവസേന ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ പാർട്ടി നേതാക്കൾക്കായി സോണിയ ഗാന്ധി ഒരുക്കിയ അത്താഴവിരുന്നിനെയും സേന പരിഹസിച്ചു. അത്താഴവിരുന്നുകൊണ്ടു മാത്രം ബിജെപിക്കെതിരെ മുന്നോട്ടുപോകാൻ കോൺഗ്രസിനു കഴിയില്ല. ശക്തനായ നേതാവും ശക്തമായ നിലപാടുകളുമാണു രാജ്യത്തെ മുഖ്യപ്രതിപക്ഷ പാർട്ടിയിൽനിന്നു ജനങ്ങൾ പ്രതീക്ഷിക്കുന്നത്.