‘അവസാന മണ്ഡല’വും നഷ്ടപ്പെട്ടു; സിപിഎമ്മിന് ലഭിച്ചത് 1030 വോട്ട്, ബിജെപിക്ക് 26,580

ചാരിലാമിൽ ജയിച്ച ബിജെപി സ്ഥാനാർഥി‌ ജിഷ്ണു ദേബ് ബർമ (ഫയൽ ചിത്രം)

അഗർത്തല∙ ത്രിപുരയിലെ ചാരിലാം നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പിലും ബിജെപിക്കു ജയം. ഉപമുഖ്യമന്ത്രി ജിഷ്ണു ദേബ് ബർമനാണ് ഇവിടെ അനായാസ ജയം സ്വന്തമാക്കിയത്. 25,550 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷമാണു ജിഷ്ണു നേടിയത്. ഇതോടെ 60 അംഗ നിയമസഭയില്‍ ബിജെപി എംഎൽഎമാരുടെ എണ്ണം 36 ആയി. സിപിഎം സ്ഥാനാർഥി രാമേന്ദ്ര നാരായൺ ദേബർമ മരിച്ചതിനെ തുടർന്നാണു ചാരിലാമിൽ വോട്ടെടുപ്പു മാറ്റിവച്ചത്.

മണ്ഡലത്തിൽ പ്രവർത്തിക്കാൻ പോലും സമ്മതിക്കാതെ ബിജെപി അക്രമം നടത്തുകയാണെന്നാരോപിച്ചു സിപിഎം ഇവിടെ സ്ഥാനാർഥിയെ പിൻവലിക്കാൻ തീരുമാനിച്ചിരുന്നു. സിപിഎമ്മിന്റെ പലാഷ് ദെബർമയുടെ സ്ഥാനാർഥിത്വമാണു വോട്ടെടുപ്പിന് ഏതാനും ദിവസം മുൻപു പിൻവലിച്ചത്. എന്നാൽ പത്രിക പിൻവലിക്കേണ്ട അവസാന തീയതി കഴിഞ്ഞതിനാൽ അതിനു സാധിച്ചില്ല.

പലാഷിന് 1030 വോട്ടുകൾ മാത്രം ലഭിച്ചപ്പോൾ 26,580 വോട്ടുകളാണു ജിഷ്ണു സ്വന്തമാക്കിയത്. കോൺഗ്രസ് സ്ഥാനാർഥി അർജുൻ ദേബർമയ്ക്ക് ആകെ ലഭിച്ചത് 775 വോട്ടുകൾ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സിപിഎമ്മിന്റെ അടിത്തറ ഇല്ലാതായെന്നാണു വിധി വ്യക്തമാക്കുന്നതെന്നു ബിജെപിയുടെ തിരഞ്ഞെടുപ്പു ചുമതലയുള്ള ആർഎസ്എസ് നേതാവ് സുനിൽ ദേവ്ധർ പറഞ്ഞു.

എന്നാൽ, തിരഞ്ഞെടുപ്പു ഫലത്തിൽ പ്രതികരിക്കാനില്ലെന്നു സിപിഎം അറിയിച്ചു. ജനങ്ങളെ ഭയപ്പെടുത്തി വോട്ടു ചെയ്യിപ്പിച്ചു ബിജെപി നേടിയ വിജയമാണിതെന്നു കോൺഗ്രസ് ആരോപിച്ചു. ഫെബ്രുവരി 18നു നടന്ന തിരഞ്ഞെടുപ്പിൽ 59 മണ്ഡലങ്ങളിൽ 43 എണ്ണവും ബിജെപി–ഐപിഎഫ്ടി സഖ്യം സ്വന്തമാക്കിയിരുന്നു. ത്രിപുരയിൽ 25 വർഷത്തെ ഇടതുഭരണം അട്ടിമറിച്ചായിരുന്നു ബിജെപിയുടെ വിജയം.