വിശാലസഖ്യം തിരിച്ചടിയാകുമോ?; യുപിയിൽ ആത്മപരിശോധനയ്ക്കൊരുങ്ങി ബിജെപി

ലക്നൗ∙ ഉത്തർപ്രദേശിൽ കഴിഞ്ഞ ലോക്സഭ – നിയമസഭ തിരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടു ഉപതിരഞ്ഞെടുപ്പുകളിൽ വൻതിരിച്ചടി നേരിട്ടതോടെ ആത്മപരിശോധനയ്ക്കൊരുങ്ങി ബിജെപി. ഉത്തരേന്ത്യയിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും ഇതേതിരിച്ചടി മുന്നില്‍കണ്ട് പ്രവർത്തന വിലയിരുത്തൽ നടത്താൻ ദേശീയ അധ്യക്ഷൻ അമിത് ഷാ ശ്രമം തുടങ്ങി.

കാവികോട്ടയായ ഗോരഖ്പൂരിലും കാവിക്കൊടി പാറിച്ച ഫൂല്‍പൂരിലും ദയനീയ പരാജയമേറ്റുവാങ്ങിയ ബിജെപിക്ക് ഇനിയുള്ള നാളുകള്‍ ഏറെ നിര്‍ണായകമാണ്. ഉത്തരേന്ത്യയില്‍ ബിജെപി നേടിയ അപ്രമാദിത്വം ചെറുകക്ഷികളെ കൂടെകൂട്ടി തകര്‍ക്കാമെന്ന കോണ്‍ഗ്രസിന്‍റെ സ്വപ്നം വിദൂരമല്ലെന്ന് ഉപതിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. ബന്ധവൈരികളായ എസ്പിയും ബിഎസ്പിയും കൂട്ടുകൂടിയതോടെയാണു ബിജെപിക്ക് തിരിച്ചടി നേരിടേണ്ടി വന്നത്. സഖ്യത്തില്‍ കോണ്‍ഗ്രസും പങ്കാളിയായാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍നിന്ന് കൂടുതല്‍ സീറ്റു നേടാന്‍ ബിജെപിക്കു കഴിഞ്ഞെന്നുവരില്ല. വിശാലസഖ്യം അതിന്റെ പൂർണതയിലേക്കെത്തുന്നതിനു അധികനാളുകളെടുക്കില്ലെന്നാണു പൊതുവേയുള്ള വിലയിരുത്തൽ.

ഹിന്ദിഹൃദയഭൂമിയിലൂടെ ശക്തി പ്രാപിക്കുന്ന കര്‍ഷകസമരങ്ങള്‍ പ്രതിപക്ഷനിരയ്ക്ക് കരുത്ത് നല്‍കുന്നുണ്ട്. ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും മഹാരാഷ്ട്രയിലെയും പുതിയ രാഷ്ട്രീയ നീക്കങ്ങളും ബിജെപിക്ക് തലവേദനയാകുന്നു. ബിജെപിക്കൊപ്പം നിന്ന് അടുത്ത തിരഞ്ഞ‍െടുപ്പില്‍ ബിഹാറില്‍ അദ്ഭുതം കാണിക്കാന്‍ നിതീഷ്കുമാറിനും സാധിക്കില്ലെന്നാണു വിലയിരുത്തല്‍. ജില്ലാതലം മുതല്‍ ദേശീയ തലംവരെ സമഗ്രമായ അഴിച്ചുപണിയ്ക്കൊരുങ്ങുന്ന അമിത് ഷായ്ക്ക് ഉപതിരഞ്ഞെടുപ്പ് ഫലം ഒരുദിശാസൂചികയാണ്.