ബിജെപിയെന്നാല്‍ ‘ബ്രേക്ക് ജനതാ പ്രോമിസ്’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു ടിഡിപി

എൻ.ചന്ദ്രബാബു നായിഡു.

ന്യൂഡൽഹി∙ കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനു പിന്നാലെ ബിജെപിക്കെതിരെ ആഞ്ഞടിച്ചു തെലുങ്കുദേശം പാര്‍ട്ടി നേതൃത്വം. ബിജെപിയെന്നാല്‍ ‘ബ്രേക്ക് ജനതാ പ്രോമിസാ’ണെന്നു പാര്‍ട്ടി നേതാവ് തോട്ട നരസിംഹന്‍ തുറന്നടിച്ചു. അന്‍പതുപേര്‍ ഒപ്പിട്ട അവിശ്വാസ പ്രമേയമാണു കൊണ്ടുവരികയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മുന്നണി വിടാനുള്ള ടിഡിപി തീരുമാനത്തെ തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനര്‍ജിയും ശിവസേനയും സ്വാഗതം ചെയ്തു. എന്നാല്‍ ആന്ധ്രയില്‍ ബിജെപിക്കു വളരാനുള്ള സുവര്‍ണാവസരമാണ് ഇതെന്നായിരുന്നു പാര്‍ട്ടി നേതാവ് ജിവിഎല്‍ നരസിംഹറാവുവിന്റെ പ്രതികരണം.

ഉത്തര്‍പ്രദേശിലെ ഉപതിരഞ്ഞെടുപ്പു തിരിച്ചടിക്കുപിന്നാലെ ബിജെപിക്കു കനത്ത പ്രഹരം നല്‍കിയാണു ടിഡിപി, എന്‍ഡിഎ വിട്ടത്. ആന്ധ്രപ്രദേശിനു പ്രത്യേക പദവി നല്‍കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണു നടപടി. പാര്‍ട്ടി എംപിമാരെ എന്‍. ചന്ദ്രബാബു നായിഡു തീരുമാനം അറിയിച്ചു. ലോക്സഭയില്‍ 16 പേരും രാജ്യസഭയില്‍ ആറ് അംഗങ്ങളും ടിഡിപിക്കുണ്ട്. നേരത്തെ പാര്‍ട്ടി മന്ത്രിമാര്‍ കേന്ദ്രമന്ത്രിസഭയില്‍നിന്നു രാജിവച്ചിരുന്നു.