കൊച്ചി മെട്രോ സർവീസ് വിവരങ്ങൾ ഇനി സൗജന്യമായി വെബ്സൈറ്റിൽ

കൊച്ചി∙ കൊച്ചി മെട്രോ സർവീസുകൾ സംബന്ധിച്ച വിവരങ്ങളും മറ്റും സൗജന്യമായി  പൊതു ഉപയോഗത്തിനു ലഭ്യമാക്കുന്ന ഒാപ്പൺ ട്രാൻസിറ്റ് ഡേറ്റ കൊച്ചി മെട്രോ വെബ്സൈറ്റിൽ ലഭ്യമാക്കി. സ്മാർട് സിറ്റി സിഇഒ മനോജ് നായർ ഉദ്ഘാടനം നിർവഹിച്ചു. ഒാപ്പൺ ട്രാൻസിറ്റ് ഡേറ്റ ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ മെട്രോയാണു കൊച്ചി മെട്രോയെന്നു കെഎംആർഎൽ എംഡി മുഹമ്മദ് ഹനീഷ് പറഞ്ഞു.

ഒാപ്പൺ ഡേറ്റ ഉപയോഗിച്ചുള്ള ഹാക്കത്തോൺ മൽസരവും വൈകാതെ നടത്തും. മെട്രോ സർവീസ് സംബന്ധിച്ച വിവരങ്ങൾ നിലവിൽ വെബ്സൈറ്റിൽ ലഭ്യമാണെങ്കിലും രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ട ട്രാൻസിറ്റ് േഡറ്റ മാനദണ്ഡമായ ജനറൽ ട്രാൻസിറ്റ് ഫീഡ് സ്പെസിഫിക്കേഷൻ (ജിറ്റിഎഫ്എസ്) അനുസരിച്ചുള്ള വിവരങ്ങളാണു ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്. ട്രെയിനുകളുടെ സമയം, ലൊക്കേഷൻ, ടിക്കറ്റ് നിരക്ക്, അനുബന്ധ ഗതാഗത സംവിധാനങ്ങളുടെ സമയം എന്നിവ മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും എസ്എംഎസ് വഴിയായും യാത്രക്കാർക്കു ലഭിക്കും. ആപ് ഡെവലപേഴ്സിനു സൗജന്യമായി ഈ വിവരങ്ങളുപയോഗിച്ച് ആപ്ലിക്കേഷനുകൾ തയാറാക്കാം.

കൊച്ചി മെട്രോയുടെ പുതുക്കിയ വെബ്സൈറ്റിന്റെയും ന്യൂസ്‌ലെറ്ററിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു. യാത്രക്കാരുടെ പരാതികളും സംശയങ്ങളും പരിഹരിക്കാൻ ലൈവ് ചാറ്റും സ്റ്റേഷനുകളിലെ പാർക്കിങ് സ്ലോട്ടുകളുടെ തൽസമയ ലഭ്യതയും വെബ്സൈറ്റിൽ ലഭിക്കും. 1200 ബസുകളിൽ ജിപിഎസ് ഘടിപ്പിക്കുന്നതു മാർച്ച് 31ന് മുൻപു പൂർത്തിയാക്കുമെന്നും അധികൃതർ അറിയിച്ചു. വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് (ഇന്ത്യ) സിഇഒ ഒ.പി. അഗർവാൾ, ഡയറക്ടർ മാധവ് പൈ എന്നിവർ പ്രസംഗിച്ചു. വെബ്സൈറ്റ്- www.kochimetro.org