രാമസേതു നശിപ്പിക്കാൻ ഉദ്ദേശ്യമില്ല, സംരക്ഷിക്കും: കേന്ദ്രം സുപ്രീംകോടതിയിൽ

ന്യൂഡൽഹി∙ ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള രാമസേതു നശിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. സേതുസമുദ്രം പദ്ധതിക്കു മറ്റൊരു പാത കണ്ടെത്തി രാമസേതു സംരക്ഷിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിനു മുൻപാകെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കപ്പൽ ഗതാഗത മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

തമിഴ്നാട്ടിലെ രാമേശ്വരത്തിനടുത്ത് ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള കടലിലെ ചുണ്ണാമ്പുകല്ലുകളുടെ തിട്ടയാണു രാമസേതു. ‘ആദംസ് ബ്രിജ്’ എന്നും ഇത് അറിയപ്പെടുന്നുണ്ട്. ശ്രീലങ്കയിലേക്കു കടക്കാൻ രാമന്റെ സേന നിർമിച്ചതാണു പാലമെന്നാണു ഹൈന്ദവ വിശ്വാസം. ഈ പ്രദേശത്തുകൂടെ കപ്പൽപാത പദ്ധതിക്ക് 1990കളിലാണ് ആലോചന തുടങ്ങിയത്.

1997 ൽ പദ്ധതിയുമായി മുന്നോട്ടു പോകാൻ സർക്കാർ തീരുമാനിച്ചു. 2005 ൽ ആണ് അന്തിമ തീരുമാനമുണ്ടായത്. പാത യാഥാർഥ്യമായാൽ യാത്രാദൂരത്തിൽ 350 നോട്ടിക്കൽ മൈലും സമയത്തിൽ 10 മുതൽ 30 മണിക്കൂർ വരെയും കുറവുണ്ടാകും. സേതുസമുദ്രം പദ്ധതിയുടെ ഭാഗമായി 13 ചെറു തുറമുഖങ്ങൾ, മത്സ്യബന്ധന തുറമുഖങ്ങൾ എന്നിവയൊരുക്കാനും ഉദ്ദേശിച്ചിരുന്നു.

പക്ഷേ, പദ്ധതി പ്രദേശത്ത് ‘രാമസേതു’ ഉണ്ടെന്ന വാദവുമായി ബിജെപി എതിർത്തു. പദ്ധതി ദേശീയ പാമ്പര്യത്തിനും വിശ്വാസത്തിനും എതിരാണെന്നു ചൂണ്ടിക്കാട്ടി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി അടക്കമുള്ളവരാണു സുപ്രീംകോടതിയെ സമീപിച്ചത്.