‘‘നിലപാടുകൾ നിലപാടുകൾ തന്നെയാണ്’’, എം.സുകുമാരൻ – വീശിയടങ്ങിയ കൊടുങ്കാറ്റ്

എം.സുകുമാരൻ

‘ഈ തലമുറയിൽ ഒരു കഥാകൃത്ത് തന്റെ മുൻ തലമുറയിൽ നിന്നും തനിക്കു മുമ്പും പിമ്പുമുള്ള തലമുറകളിൽ നിന്നുമൊക്കെ ഭിന്നനായി നിൽക്കുന്നുണ്ട്’ എന്ന് ഒരിക്കൽ ടി.പത്മനാഭൻ എഴുതിയത് എം.സുകുമാരനെപ്പറ്റിയാണ്. എഴുത്തിന്റെ ആഘോഷങ്ങളിൽ നിന്നൊക്കെ പൊടുന്നനെ ഇറങ്ങിപ്പോയ സുകുമാരൻ എഴുതാതിരിക്കുന്നത് ഭാഷയ്ക്കു നഷ്ടമാണെന്നും അദ്ദേഹം എഴുതി. 

വീശിയടങ്ങിയ കാറ്റുപോലെയായിരുന്നു എം.സുകുമാരൻ നമുക്കിടയിൽ ജീവിച്ചത്. ഇടയ്ക്കൊക്കെ ആനുകാലികങ്ങളിൽ വന്ന അഭിമുഖങ്ങളിലൂടെ ഈ എഴുത്തുകാരന്റെ സാന്നിധ്യം നാം അറിഞ്ഞു. എഴുതിയതൊക്കെ നേരായിരുന്നു എന്നു കാലം നമുക്കു കാണിച്ചു തരുമ്പോഴും ഒന്നുമെഴുതാതെ കഴിഞ്ഞു ആ കഥകളുടെയൊക്കെ ഉടയോൻ.

വിപ്ളവകാരിയെ വിസ്മയിപ്പിച്ച കണ്ണൻ; എം. സുകുമാരന്റെ ഭക്തിയും വിഭക്തിയും...

‘‘എഴുത്തിന് അസ്വസ്ഥതകളേ നൽകാനാകൂ,, സ്വസ്ഥത കിട്ടാൻ വേണ്ടിയാണ് ഞാൻ എഴുത്തു നിർത്തിയതെ’’ന്ന് ഭാഷാപോഷിണിക്കു നൽകിയ അഭിമുഖത്തിൽ സുകുമാരൻ പറഞ്ഞു. കഥയെഴുതുന്നത് ക്ലേശകരമായ ചുമതലയാണെന്നും ആ ക്ലേശം സഹിക്കാനുള്ള ശേഷിയില്ലാതെയായെന്നും പറഞ്ഞ സുകുമാരൻ ക്ലേശമില്ലാതെ കഥയെഴുതുന്നവർക്ക് അദ്ഭുതമാകാനേ തരമുണ്ടായിരുന്നുള്ളൂ.

കഥകളെപ്പറ്റി ചിന്തിക്കാത്ത ജീവിതമാണ് തനിക്കു സ്വസ്ഥത നൽകുന്നതെന്നു പറഞ്ഞ എഴുത്തുകാരന്റെ കഥയോടുള്ള സമീപനം അമ്പരപ്പിക്കുന്നതായിരുന്നു എന്നതിന് നമുക്ക് മുന്നിലെ തെളിവുകളായി ശേഷിക്കുന്നത് ആ കഥകൾ തന്നെയാണ്.

ലാൽസലാം പറയുന്ന ഈ സഖാവ് ആര് ? ജയറാം പടിക്കലിനെ അസ്വസ്ഥനാക്കിയ എം.സുകുമാരന്റെ കഥ...

കമ്യൂണിസ്റ്റ് പാർട്ടിയായിരുന്നു എം.സുകുമാരന്റെ സ്വപ്നം. ആ സ്വപ്നങ്ങൾ പങ്കു വയ്ക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല കഥകൾ. പക്ഷേ വിശ്വസിച്ച പാർട്ടി ജീർണതകളുടെ ഇളംചുവപ്പു നിറത്തിൽ ആറാടുന്നുവോ എന്ന സംശയം തോന്നിയപ്പോൾ സാവധാനം ഉൾവലിയുകയായിരുന്നു അദ്ദേഹം; പാർട്ടിയിൽ നിന്നും ഒരു പക്ഷേ കഥകളിൽ നിന്നും. പക്ഷേ അപ്പോഴും ഇടതുപക്ഷത്തിനു വലിയ പ്രസക്തിയുണ്ടെന്നും അദ്ദേഹം വിശ്വസിച്ചു.

പിന്നിൽനിന്നിട്ടും മുന്നിലെത്തി; തൂക്കുമരത്തിന്റെ നിഴലിൽ എഴുതിയ കഥാകാരൻ!...

അതു പല സന്ദർഭങ്ങളിലും തുറന്നു പറയുകയും ചെയ്തു. ‘‘ഇടതു പക്ഷത്തിന് അപ്പുറത്തേക്ക് ഒന്നുമില്ല, അതാണ് അവസാന ആശ്രയം’’– അദ്ദേഹം പറഞ്ഞു. കമ്യൂണിസത്തെ അംഗീകരിക്കുന്നതു കൊണ്ടാണ് താനുൾപ്പെടെയുള്ള ഇടതു ചായ്‌വുള്ള എഴുത്തുകാർ കമ്യൂണിസത്തെ വിമർശിക്കുന്നതെന്നും അദ്ദേഹം പറയുമായിരുന്നു. പക്ഷേ ഈ കമ്യൂണിസ്റ്റിനെ പാർട്ടിക്ക് ആവശ്യമില്ലായിരുന്നു. നോവലിന്റെ പേരിൽ ശിക്ഷ ഏറ്റു വാങ്ങി സുകുമാരൻ പാർട്ടിക്കു പുറത്തായി. 

എം.സുകുമാരൻ എന്ന കമ്യൂണിസ്റ്റിനെ പാർട്ടിയിൽ നിന്നു പുറത്താക്കാൻ ഒരു പൂമ്പാറ്റയെ അടിച്ചു കൊല്ലുന്ന അധ്വാനമേ വേണ്ടി വന്നിരിക്കുകയുള്ളൂ എന്നു നീരീക്ഷിച്ചത് എഴുത്തുകാരൻ സക്കറിയയാണ്. ശേഷക്രിയ എന്ന നോവൽ അത്രയേറെ പാർട്ടിയെ വിറളി പിടിപ്പിച്ചെങ്കിൽ നോവലിൽ പറഞ്ഞ വിമർശനങ്ങളൊക്കെ ഇന്ന് എത്രയോ ഭീകരമായ അവസ്ഥയിലെത്തിയിരിക്കുന്നു എന്ന് അദ്ഭുതപ്പെട്ടത് നോവലിസ്റ്റ് തന്നെയായിരുന്നു.

നിശ്ശബ്ദത ഭീകരമായതും പേടിപ്പിക്കുന്നതുമായ അവസ്ഥയാണ്. സുകുമാരൻ നിശ്ശബ്ദനായിരുന്നെങ്കിലും പേടി തട്ടാതെയാണ് നമുക്കിടയിൽ ജീവിച്ചതും ഇപ്പോൾ കടന്നു പോകുന്നതും. പ്രിയപ്പെട്ടവർ അഭിമുഖങ്ങൾക്കെത്തിയ അവസരങ്ങളിലൊക്കെ നിശ്ശബ്ദതയുടെ കനപ്പെട്ട പുതപ്പുകൾക്കുള്ളിലേക്കു നൂണ്ടുകയറാതെ അദ്ദേഹം ഹൃദയം തുറന്നു. തനിക്കു പറയാനുള്ളതൊക്കെ സൗമ്യമായി പറഞ്ഞു. ആ നിലപാടുകൾ മാറ്റമില്ലാതെ തുടരുന്നവയാണെന്നു നാം അറിയുകയും ചെയ്തു. അതുതന്നെയാണ് എം.സുകുമാരൻ എന്ന എഴുത്തുകാരന്റെ ജീവിതം മലയാളികൾക്കു കാട്ടിത്തരുന്നതും– നിലപാടുകൾ നിലപാടുകൾ തന്നെയാണ്.