കീഴാറ്റൂരിൽ വയൽക്കിളികളെ പിന്തുണച്ച് പരിഷത്ത് റിപ്പോർട്ട്; സിപിഎം പ്രതിരോധത്തിൽ

പരിഷത്തിന്റെ പഠനറിപ്പോർട്ടിന്റെ ആദ്യ പേജ്.

കണ്ണൂർ∙ ബൈപാസ് റോഡ് നിർമിക്കാൻ കീഴാറ്റൂർ നെൽവയൽ നികത്തുന്നതു സംബന്ധിച്ചു സിപിഎമ്മിന്റെ നിലപാടു തള്ളി ശാസ്ത്ര സാഹിത്യ പരിഷത്ത് തയാറാക്കിയ പഠന റിപ്പോർട്ട് ചർച്ചയാകുന്നു. നെൽവയലിലൂടെ ബൈപാസ് റോഡ് നിർമിക്കുന്നതു പരിസ്ഥിതിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടിയും പാടം നികത്താതെ ബദൽ മാർഗങ്ങൾ കണ്ടെത്തണമെന്നു ശുപാർശ ചെയ്തും ആറു മാസം മുൻപു തയാറാക്കിയ റിപ്പോർട്ടാണു പ്രചരിക്കുന്നത്.

പരിഷത്ത് ജില്ലാ കമ്മിറ്റിയും തളിപ്പറമ്പ് മേഖലാ കമ്മിറ്റിയും ചേർന്നു വിശദമായി പഠനം നടത്തി തയാറാക്കിയതാണു റിപ്പോർട്ട്. കീഴാറ്റൂർ സമരവുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ പരിഷത്ത് പ്രവർത്തകർ സംസ്ഥാന വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെയാണ് റിപ്പോർട്ട് പ്രചരിപ്പിക്കുന്നത്. ബൈപാസ് പദ്ധതിയിൽ ഇനി പുനരാലോചനയുടെ പ്രശ്നമില്ലെന്നും പാടം നികത്തുന്നതിനെതിരെ സമരം ചെയ്യുന്നതു തീവ്രവാദികളും വർഗീയവാദികളും പാർട്ടിവിരുദ്ധരും മാത്രമാണെന്നാണു സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിലപാട്. സിപിഎം പ്രവർത്തകരും അനുഭാവികളുമടങ്ങിയ പരിഷത്തിന്റെ ബദൽ നിലപാടു പാർട്ടിക്കു തിരിച്ചടിയായിട്ടുണ്ട്. 

പാടം നികത്തുന്നതിന് അനുകൂലമായ പാർട്ടി നിലപാടിൽ പ്രതിഷേധിച്ചു സിപിഎം വിട്ടവരാണു ‘വയൽക്കിളി’ കർഷക കൂട്ടായ്മ രൂപീകരിച്ച് ബൈപാസിനെതിരെ സമരം ചെയ്യുന്നത്. വയൽക്കിളികളെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കിയ ശേഷം കീഴാറ്റൂർ വയലിൽ ബൈപാസിനു വേണ്ടി സർവേ നടത്തി കല്ലു നാട്ടിയിട്ടുണ്ട്. വയൽക്കിളികളുടെ സമരപ്പന്തൽ സിപിഎം പ്രവർത്തകർ തകർത്തു തീയിട്ട് അവശിഷ്ടങ്ങൾ തോട്ടിലെറിയുകയും ചെയ്തിരുന്നു. 25നു പന്തൽ പുനർനിർമിച്ചു സമരം കൂടുതൽ ശക്തിപ്പെടുത്താൻ വയൽക്കിളികൾ ഒരുങ്ങുന്നതിനിടയിലാണു പരിഷത്ത് റിപ്പോർട്ട് ചർച്ചയാകുന്നത്.

തളിപ്പറമ്പ് ടൗണിൽ ദേശീയപാതയ്ക്കു വീതി കൂട്ടുന്നത് ഒഴിവാക്കാനാണു കീഴാറ്റൂർ വയലിലൂടെ ബൈപാസ് റോഡ് നിർമിക്കുന്നത്. ആദ്യം തീരുമാനിച്ച റൂട്ട് പ്രകാരം കുറെയേറെ വീടുകൾ പൊളിച്ചു നീക്കേണ്ടി വരുമെന്നതിനാൽ പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ കൂടി താൽപര്യപ്രകാരം വയലിലേക്കു മാറ്റുകയായിരുന്നു. സിപിഎം ശക്തികേന്ദ്രമാണു കീഴാറ്റൂർ. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിലാണു കഴിഞ്ഞ വർഷം വയൽക്കിളിക്കൂട്ടായ്മ രൂപീകരിച്ചത്. പാടം നികത്തുന്നത് ഒഴിവാക്കി തളിപ്പറമ്പ് ടൗണിലെ നിലവിലെ ദേശീയപാത വീതി കൂട്ടുകയോ മേൽപ്പാലം പണിയുകയോ ചെയ്യണമെന്നതാണു സമരക്കാർ ചൂണ്ടിക്കാണിക്കുന്ന പ്രധാന പരിഹാരമാർഗം. അതേ ബദൽ മാർഗം തന്നെയാണു ശാസ്ത്ര സാഹിത്യ പരിഷത്തും നിർദേശിക്കുന്നത്. 

പരിഷത്തിന്റെ പഠന റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങളിൽ ചിലത്:

∙കീഴാറ്റൂർ വയലിലൂടെ റോഡ് നിർമിക്കാൻ 29 ഹെക്ടർ (72 ഏക്കറോളം) ഭൂമി ഏറ്റെടുക്കണം. അതിൽ 21 ഹെക്ടറും (52 ഏക്കറിലേറെ) വയലുകളും തണ്ണീർത്തടങ്ങളുമാണ്. കൂവോട്, കീഴാറ്റൂർ പ്രദേശങ്ങളിലെ വയൽ പൂർണമായും ഇല്ലാതാകും. 

∙ വയലിനു ചൂറ്റുമുള്ള മൂന്നു കുന്നുകളിൽ നിന്നു വെള്ളം വയലിലേക്കാണ് ഒഴുകിയെത്തുക. ബൈപാസ് പൂ‍ർത്തിയാവുമ്പോൾ സമീപത്തെ കരപ്രദേശങ്ങൾ വെള്ളക്കെട്ടിലാവാൻ സാധ്യത.

∙ താഴ്ന്നു കിടക്കുന്ന വയലിലൂടെ റോഡ് പണിയാൻ മൂന്നര മീറ്ററെങ്കിലും മണ്ണിട്ട് ഉയർത്തേണ്ടി വരും. ആറു കിലോമീറ്റർ ബൈപാസിൽ നാലര കിലോമീറ്ററും ഇങ്ങനെ മണ്ണിടേണ്ടി വരും. 45 മീറ്റർ വീതിയിലാണു റോ‍ഡ് നിർമിക്കുന്നത്. അപ്പോൾ പാടം നികത്താൻ ഒരുലക്ഷത്തിമുപ്പതിനായിരം ലോഡ് മണ്ണു വേണ്ടി വരും. അതിനു വേണ്ടി സമീപത്തെ കുന്നുകൾ ഇടിക്കണം.

∙ പാടത്തു കൂടി റോഡ് പണിയുമ്പോൾ സ്ഥലമെടുപ്പിന് അധികം പണം ചെലവഴിക്കേണ്ടി വരില്ലെങ്കിലും ഭൂമി പാകപ്പെടുത്തിയെടുക്കാനും ഭാവിയിലെ റോഡിന്റെ അറ്റകുറ്റപ്പണിക്കുമായി വൻതുക വേണ്ടി വരും. 

∙ തളിപ്പറമ്പ് ടൗണിൽ നിലവിലെ റോഡ് സ്ഥല ലഭ്യതയ്ക്കനുസരിച്ചു വീതി കൂട്ടുക. സ്ഥലം ലഭ്യമല്ലാത്ത സ്ഥലത്തു നിലവിലെ റോഡിനു മുകളിൽ മേൽപ്പാലം നിർമിക്കുക. റോഡിലും മുകളിലെ മേൽപ്പാലത്തിലും രണ്ടു വരി വീതം പാതകളായി ഉപയോഗപ്പെടുത്താം.