Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കീഴാറ്റൂർ ബൈപാസ്: സ്വന്തം വഴിയേ കേന്ദ്രം; പറ്റില്ലെന്ന് പിണറായി

keezhattor-pinarayi-cartoon1

ന്യൂഡൽഹി ∙ ദേശീയപാതയിലെ കീഴാറ്റൂർ ബൈപാസ് വിഷയത്തിൽ സംസ്ഥാന സർക്കാരിനെ ഒഴിവാക്കി സമരക്കാരുമായി നേരിട്ടു ചർ‍ച്ച നടത്തിയ കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, വിശദ പഠനത്തിനു വിദഗ്ധസംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചു. ഇതോടെ കീഴാറ്റൂർ പ്രശ്നം കേന്ദ്രവും സംസ്ഥാനവുമായുള്ള രാഷ്്ട്രീയ ഏറ്റുമുട്ടലിലേക്കു വഴിമാറി. 

ആർഎസ്എസ് സമ്മർദത്തിനു വഴങ്ങിയാണു കേന്ദ്ര നടപടിയെന്നും ഇതു ഫെഡറലിസത്തിനു വിരുദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. പാർലമെന്റ് തിരഞ്ഞെടുപ്പു ലക്ഷ്യംവച്ചു കേന്ദ്ര സർക്കാരിനെയും മന്ത്രിയെയും ഉപയോഗിച്ചു ‘കിളികളെ’ പിടിക്കാനാണു ബിജെപിയുടെ ശ്രമമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. കേരളത്തിൽ‍ ഗവർണർ ഭരണമല്ല നടക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അപ്രസക്തമാക്കുന്നതാണ് ഇപ്പോഴത്തെ നടപടി. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട സമരങ്ങളെല്ലാം കേന്ദ്രം നേരിട്ടു തീർപ്പാക്കുമെന്നും സംസ്ഥാനത്തു സർക്കാർ വേണ്ടെന്നുമാണോ നിലപാടെന്നും ചോദിച്ചു. 

ബൈ‌പാസിനെതിരെ സമരം നടത്തുന്ന ‘വയൽക്കിളി കർഷക കൂട്ടായ്മ’യുടെ പ്രതിനിധികൾ മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയിലാണു വിദഗ്ധസംഘത്തെ നിയോഗിക്കാൻ തീ‌രുമാനമായത്. പഴയ രൂപ‌രേഖയനുസരിച്ചു പുറപ്പെടുവിച്ച വിജ്ഞാപനം ഇതോടെ അപ്രസക്തമായി. കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം, എംപിമാരായ വി.മുരളീധരൻ, റിച്ചാർഡ് ഹേ, ബിജെപി ദേശീയ നിർവാഹകസമിതിയംഗം പി.കെ.കൃ‌ഷ്ണദാസ് എന്നിവർക്കൊപ്പമാണു സമരനേതാക്കൾ ഗഡ്കരിയെ കണ്ടത്.

ഇപ്പോഴത്തെ രൂപരേഖയ്ക്കെതിരെ സമരക്കാർ ഉന്നയിച്ച വാദങ്ങൾ ഇവ: രണ്ടു ലക്ഷ‌ത്തോളം പേരുടെ ജലസ്രോതസ്സുകൾ ഇല്ലാതാകും, ഒട്ടേറെ സാ‌ധാരണക്കാരുടെ വീടുകൾ പൊളിക്കണം, വയൽ നികത്തേണ്ടി വരും.  സമരനേതാക്കളുടെ ബദൽ നിർദേശം വിദഗ്‌ധസംഘം പരിശോധിക്കും. തുരുത്തി, വേളാപുരം എന്നിവിടങ്ങളിലെ പ്രശ്നങ്ങളും വിലയിരുത്തും. നിലവിലുള്ള റോഡിൽ മേൽപ്പാലം നിർമിക്കണമെന്ന ആവശ്യം ഗഡ്കരി തള്ളി. കേന്ദ്രപഠനത്തിനു സമയപരിധി നിശ്ചയിച്ചിട്ടില്ല. പ്രകൃതിയെ നശിപ്പിക്കാതെയുള്ള റോഡ് വികസനമാണു വേണ്ടതെന്നും വിദഗ്‌ധസംഘത്തെ സ്വാഗതം ചെയ്യുന്നുവെന്നും വയൽക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂർ പറഞ്ഞു.

സമരം തുടങ്ങിയത് സിപിഎം

ദേശീയപാത 66ൽ കണ്ണൂരിനും പയ്യന്നൂരിനുമിടയിലാണു നിർദിഷ്ട കീഴാറ്റൂർ ബൈപാസ്. വയൽ നികത്തി ബൈപാസ് വേണ്ടെന്നു പറഞ്ഞ് ആദ്യം സമരം ആരംഭിച്ചത് സിപിഎമ്മാണ്. പാർട്ടി പിൻവാങ്ങിയപ്പോഴാണു വയൽക്കിളികൾ സമരം ഏറ്റെടുത്തത്. കേന്ദ്ര പരിസ്ഥിതിവകുപ്പ് നിയോഗിച്ച സംഘം അലൈൻമെന്റ് മാറ്റണമെന്നു റിപ്പോർട്ട് നൽകിയിരുന്നെങ്കിലും അതിനു മുൻപേ ആ രൂപരേഖ പ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അതാണ് ഇപ്പോൾ അപ്രസക്തമാകുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ: ദേശീയപാത വികസനം പൂർണമായി നടക്കുമെന്ന ഘട്ടത്തിലാണ് അതിനു പാരവന്നിരിക്കുന്നത്. ആ പാരയും കൊണ്ടു നടക്കാൻ കേരളക്കാരനെന്നു പറയുന്ന ഒരു മന്ത്രിയുമുണ്ടെന്നതാണു വൈരുധ്യം. എത്രയും വേഗം സമീപനം തിരുത്തുന്നുവോ അത്രയും നല്ലത്