പാക്കിസ്ഥാനെ കുറ്റപ്പെടുത്താനുള്ള ‘ധൈര്യം’ ലോകത്തിനു കൊടുത്തത് മോദി: രാജ്നാഥ്

കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂ‍ഡൽഹി∙ ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ലോക രാഷ്ട്രങ്ങളെ ഇന്ത്യയ്ക്കൊപ്പം അണിനിരത്താനും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ശ്രമങ്ങൾ ശ്രദ്ധേയമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഭീകരവാദം ഒരു ആഗോള പ്രതിഭാസമാണ്. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ലോകരാജ്യങ്ങളെ നമുക്കൊപ്പം നിർത്താൻ പ്രധാനമന്ത്രി മോദിക്കു സാധിച്ചിട്ടുണ്ട്. മുൻപ് പാക്കിസ്ഥാനെ കുറ്റപ്പെടുത്തി ആരും സംസാരിച്ചിരുന്നില്ല. ഇപ്പോൾ യുഎസ് പോലും പാക്കിസ്ഥാനെതിരെ തിരിഞ്ഞതായി രാജ്നാഥ് ചൂണ്ടിക്കാട്ടി.

ഭീകരവാദത്തെ നേരിടാൻ പാക്കിസ്ഥാൻ കാര്യമായൊന്നും െചയ്യുന്നില്ലെന്ന ആരോപണവും രാജ്നാഥ് ആവർത്തിച്ചു. യുഎൻ പോലും ഭീകരരുടെ പട്ടികയിൽപ്പെടുത്തിയ ഹാഫിസ് സയീദിനെ സ്വന്തമായി രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കുന്ന നയമാണു പാക്കിസ്ഥാന്റേതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എത്ര നിരപരാധികളെ ഈ ഭീകരർ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ദൈവത്തിനു മാത്രമേ അറിയൂ. ഹഖാനി നെറ്റ്‌വർക്കിന്റെ വളർച്ചയിലും പാക്കിസ്ഥാൻ സഹായിക്കുന്നതായി രാജ്നാഥ് കുറ്റപ്പെടുത്തി.

പാക്കിസ്ഥാനുമായി മികച്ച ബന്ധം വേണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെങ്കിലും, പ്രതികൂല നിലപാടാണ് അതിനു വിഘാതം സൃഷ്ടിക്കുന്നത്. ‘സുഹൃത്തുക്കൾ മാറിയേക്കാം, അയൽക്കാർക്കു മാറ്റമില്ല’ എന്ന മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ വാചകം ഉദ്ധരിച്ചാണു പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന രാജ്നാഥിന്റെ പരാമർശമുണ്ടായത്.

കഴിഞ്ഞ ദിവസം ഇന്ത്യയിലെ പാക്ക് ഹൈക്കമ്മിഷണർ സൊഹെയ്ൽ മുഹമ്മദിനെ തിരിച്ചുവിളിച്ച പാക്കിസ്ഥാന്റെ നടപടി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ തീർത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന

നേരത്തെ, ഡൽഹിയിലുള്ള പാക്ക് നയതന്ത്ര പ്രതിനിധികൾക്കും കുടുംബാംഗങ്ങൾക്കും ഭീഷണിയും ശല്യപ്പെടുത്തലുകളും അക്രമവും നിരന്തരം നേരിടേണ്ടിവരുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു ഹൈക്കമ്മിഷണറെ പാക്കിസ്ഥാൻ തിരിച്ചുവിളിച്ചത്. ഇക്കാര്യം പലകുറി ഇന്ത്യയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഫലമുണ്ടാകാത്തതിനാലാണു കടുത്ത നടപടിക്കു തുനിയുന്നതെന്നു പാക്ക് വിദേശകാര്യ ഓഫിസ് വക്താവ് മുഹമ്മദ് ഫൈസൽ വ്യക്തമാക്കിയിരുന്നു.

അതേസമയം, പാക്ക് ഹൈക്കമ്മിഷണറെ അവർ ചർച്ചകൾക്കായി തിരിച്ചുവിളിച്ചതാണെന്നും അസാധാരണമായി ഒന്നുമില്ലെന്നുമാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്.