Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ കവിത പഠിപ്പിക്കരുത്, ഭാഷ അറിയാത്ത തലമുറ എന്നെ മറന്നോട്ടെ: ചുള്ളിക്കാട്

balachandran-chullikkad ബാലചന്ദ്രൻ ചുള്ളിക്കാട്. (ഫയൽചിത്രം∙ മനോരമ)

കൊച്ചി∙ സ്കൂളിലോ കോളജിലോ സർവകലാശാലയിലോ ഇനി തന്റെ കവിത പഠിപ്പിക്കരുതെന്നും എല്ലാ പാഠ്യപദ്ധതിയിൽനിന്നും തന്റെ രചനകൾ ഒഴിവാക്കണമെന്നും പൊതുസമൂഹത്തോടും അധികാരികളോടും അപേക്ഷിക്കുന്നതായി കവി ബാലചന്ദ്രൻ ചുള്ളിക്കാട്. തന്റെ കവിതയിൽ ഗവേഷണം അനുവദിക്കരുത്. അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ആശയത്തെറ്റും പരിശോധിക്കാതെ മാർക്കു വാരിക്കോരിക്കൊടുത്തു വിദ്യാർഥികളെ വിജയിപ്പിക്കുകയും ഉന്നത ബിരുദങ്ങൾ നൽകുകയും ചെയ്യുന്നതാണ് ഇങ്ങനെയൊരപേക്ഷ ഉന്നയിക്കാൻ കാരണമെന്നും ചുള്ളിക്കാട് പറഞ്ഞു.

മലയാള ഭാഷയും സാഹിത്യവും പഠിപ്പിക്കാൻ അറിവും കഴിവും ഇല്ലാത്തവരെ കോഴ, മതം, ജാതി, രാഷ്ട്രീയ സ്വാധീനം, സ്വജന പക്ഷപാതം എന്നിവയുടെ അടിസ്ഥാനത്തിൽ അധ്യാപകരായി നിയമിക്കുകയാണ്. അബദ്ധ പഞ്ചാംഗങ്ങളായ മലയാള പ്രബന്ധങ്ങൾക്കു പോലും ഗവേഷണ ബിരുദം നൽകുന്നു. വാക്കുകളിലെ അക്ഷരത്തെറ്റ് ഒരു പ്രശ്നമല്ലെന്നു കരുതുന്ന അധ്യാപകരാണ് ഇന്നുള്ളത്. ചിന്താശക്തിയില്ലാത്ത തലമുറകളുണ്ടാകേണ്ടതു കോർപറേറ്റ് ആവശ്യമാണ്. അധ്യാപകർ ഈ കോർപറേറ്റ് അജൻഡയ്ക്കു സേവ ചെയ്യുകയാണ്.

വിദ്യാഭ്യാസ കച്ചവടക്കാരും ഭരണാധികാരികളും ചേർന്ന മാഫിയയാണു മാനദണ്ഡം പാലിക്കാതെ മാർക്കു വാരിക്കോരി നൽകുന്നതിനു പിന്നിൽ. സ്കൂളുകളിലേക്കു കൂടുതൽ വിദ്യാർഥികളെ ആകർഷിക്കുന്നതിനും അധ്യാപക തസ്തികകൾ വർധിപ്പിക്കുന്നതിനും വേണ്ടിയാണിതു ചെയ്യുന്നത്. ഈ കച്ചവടത്തിൽനിന്നു തന്റെ കവിതയെ ഒഴിവാക്കിത്തരണം. താൻ കവിതയെഴുതിയതു സമാനഹൃദയരെ ഉദ്ദേശിച്ചു മാത്രമാണ്, ഭാവിതലമുറയ്ക്കു വേണ്ടിയല്ല. കവിത പാഠപുസ്തകത്തിൽ ഉൾപ്പെടുത്താൻ അനുവാദം കൊടുത്തതിൽ ദുഃഖിക്കുന്നു.

അൻപതു വർഷത്തെ കവിതയെഴുത്തിനിടയിൽ സാഹിത്യത്തിന്റെ പേരിൽ ഒരു ബഹുമതിയും സ്വീകരിച്ചിട്ടില്ല. ആദ്യമായി ഒരു അപേക്ഷ എല്ലാവരുടെയും മുൻപിൽ വയ്ക്കുകയാണ്. അടുത്തിടെ ഒരു സർവകലാശാലയിൽ കവിത വായിക്കാൻ ക്ഷണം കിട്ടി ചെന്നപ്പോഴുള്ള ദുരനുഭവമാണ് ഇപ്പോൾ ഇങ്ങനെയൊരു അപേക്ഷയുമായി വരാൻ കാരണം. ഒരു പ്രത്യേക കവിത വായിക്കണമെന്നഭ്യർഥിച്ച് ഒരു വിദ്യാർഥി കുറിപ്പു തന്നു. അതു വായിച്ചുനോക്കിയപ്പോൾ ഞെട്ടി. നിറയെ അക്ഷരത്തെറ്റ്. ആനന്ദം എന്ന വാക്ക് ആനന്തം എന്നു തെറ്റിച്ചതുൾപ്പെടെയുള്ള അക്ഷരത്തെറ്റുകൾ.

എംഎ സംസ്കൃതം പഠിക്കുന്നയാളാണ് ഈ തെറ്റുവരുത്തിയത്. ഇങ്ങനെയൊരാൾക്കു സംസ്കൃതം എംഎയ്ക്ക് എങ്ങനെ പ്രവേശനം കിട്ടി? എന്റെ കവിതയിൽ ഗവേഷണം നടത്തുന്ന അധ്യാപിക ഏതാനും മാസം മുൻപു ഗവേഷണവുമായി ബന്ധപ്പെട്ട് ഒരു ചോദ്യാവലി അയച്ചുതന്നിരുന്നു. ചോദ്യങ്ങൾ അർഥശൂന്യമാണെന്നു മാത്രമല്ല, ചോദ്യങ്ങളിൽ നിറയെ അക്ഷരത്തെറ്റുകൾ. ഇവരൊക്കെ ആദ്യം അക്ഷരം പഠിക്കട്ടെ. എന്നിട്ട് എന്റെ കവിത പഠിച്ചാൽ മതി. ഭാഷ അറിയാത്ത തലമുറ എന്നെ മറന്നുപൊയ്ക്കോട്ടെ, പരാതിയില്ല– ചുള്ളിക്കാട് പറഞ്ഞു.

പ്രസിദ്ധീകരിച്ചുകഴിഞ്ഞ കവിത പഠിക്കരുതെന്നും പഠിപ്പിക്കരുതെന്നുമാവശ്യപ്പെടാൻ കവിക്ക് അവകാശമുണ്ടോ എന്ന ചോദ്യത്തിനു ചുള്ളിക്കാടിന്റെ മറുപടി ഇതായിരുന്നു– കല്യാണം കഴിച്ചയച്ച മകളെ ഭർത്താവ് വേശ്യാത്തെരുവിൽ വിൽക്കുമ്പോൾ പിതാവിനു വേദനയുണ്ടാകും.