ജുനൈദിന്റെ കൊലപാതകം: സിബിഐ അന്വേഷണ ഹർജിയിൽ കേന്ദ്രത്തിനു നോട്ടിസ്

ന്യൂഡൽഹി∙ ബല്ലാഭ്ഗഢ് ആൾക്കൂട്ട കൊലപാതകക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിൽ സുപ്രീം കോടതി കേന്ദ്രത്തിനു നോട്ടിസ് അയച്ചു. കഴിഞ്ഞ ജൂണിൽ നടന്ന ഈ സംഭവത്തിലാണു പതിനേഴുകാരനായ ജുനൈദ് ഖാനെ ട്രെയിനിൽ വച്ചു ജനക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയത്. ഹർജിയിൽ തീരുമാനം ആകുന്നതുവരെ കേസിൽ വിചാരണ നടപടികൾ ആരംഭിക്കരുതെന്നും ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, എം.എം. ശാന്തനഗൗഡർ എന്നിവർ ഉത്തരവിട്ടു.

പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ കഴിഞ്ഞ നവംബർ 27ലെ വിധിക്കെതിരെ അപ്പീലുമായി ജുനൈദിന്റെ പിതാവ് ജലാലുദ്ദീനാണു സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണു ഹൈക്കോടതി വിധിച്ചത്. വിദ്വേഷ കുറ്റങ്ങളുടെ കീഴിൽ കേസ് അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്നും ജലാലുദ്ദീൻ ആവശ്യപ്പെട്ടിരുന്നു.

ഈദ് ആഘോഷത്തിനായി ഡൽഹിയിൽ ഷോപ്പിങ് കഴിഞ്ഞ് ഖണ്ഡാവാലി ഗ്രാമത്തിലേക്കു തിരികെപ്പോരാൻ മഥുര വഴിയുള്ള ട്രെയിനിൽ കയറിയതായിരുന്നു ജുനൈദും സഹോദരങ്ങളും ബന്ധുക്കളും. മർദിച്ചു കൊലപ്പെടുത്തിയശേഷം ഫരീദാബാദിലെ അസൗട്ടി ഗ്രാമത്തിൽ അക്രമികൾ ജുനൈദിന്റെ മൃതദേഹം ഉപേക്ഷിക്കുകയും ചെയ്തു.