അവിശ്വാസ പ്രമേയം പരിഗണിച്ചില്ല, ബഹളം; ഇരുസഭകളും ഇന്നത്തേക്കു പിരിഞ്ഞു

തെലങ്കാനയിൽ സംവരണം ഉയർത്തണം എന്നാവശ്യപ്പെട്ട് ‘ഒരു രാജ്യം ഒരു നിയമം’ എന്ന പ്ലക്കാർഡുകളുമായി പാർലമെന്റിനു പുറത്ത് പ്രതിഷേധിക്കുന്ന ടിആർഎസ് എംപിമാർ

ന്യൂഡൽഹി∙ ആന്ധ്രപ്രദേശിനു പ്രത്യേക പദവിയെന്ന ആവശ്യമുന്നയിച്ചു തെലുങ്കുദേശം പാർട്ടിയും (ടിഡിപി) വൈഎസ്ആർ കോൺഗ്രസും നൽകിയ അവിശ്വാസപ്രമേയ നോട്ടിസ് ഇന്നും പരിഗണിച്ചില്ല. പ്രതിപക്ഷ എംപിമാരുടെ ബഹളത്തെ തുടർന്നു ഇരുസഭകളും ഇന്നത്തേക്കു പിരിഞ്ഞു. 

വൈഎസ്ആർ കോൺഗ്രസ്, ടിആർഎസ് പ്രതിനിധികൾ‌ നടുത്തളത്തിലിറങ്ങി ‘ഞങ്ങൾക്കു നീതി വേണം’ എന്നാവശ്യപ്പെട്ടു ബഹളം ശക്തമാക്കി. എല്ലാം അംഗങ്ങളും അവരവരുടെ സീറ്റുകളിൽ ഇരിക്കണമെന്നു ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ ആവർത്തിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ല. അവിശ്വാസ പ്രമേയ നോട്ടിസ് പരിഗണനയ്ക്കെടുക്കാൻ സ്പീക്കർ ശ്രമിച്ചെങ്കിലും നടന്നില്ല. എംപിമാരുടെ ബഹളം നിയന്ത്രണാതീതമായപ്പോൾ സ്പീക്കർ ലോക്സഭ ഇന്നത്തേക്കു നിർ‌ത്തിവയ്ക്കുകയായിരുന്നു.

രാവിലെ സഭ ചേർന്നപ്പോഴും ബഹളമായിരുന്നു. ഉച്ചയ്ക്കു 12 വരെ നിർത്തിവച്ച സഭ വീണ്ടും ചേർന്നപ്പോൾ നടത്തിക്കൊണ്ടു പോകാൻ കഴിയാതെ വന്നതോടെയാണു പിരിഞ്ഞത്. ബഹളത്തെതുടർന്നു രാജ്യസഭ രാവിലെതന്നെ പിരിഞ്ഞിരുന്നു. വെള്ളിയാഴ്ച ഇരു പാർട്ടികളും അവിശ്വാസ പ്രമേയ നോട്ടിസ് നൽകിയിരുന്നെങ്കിലും സഭ നേരത്തെ പിരിഞ്ഞതിനാൽ പരിഗണിച്ചില്ല. തുർന്നാണു ഇന്നത്തേക്കു മാറ്റിയത്.

ഇതിനിടെ, തെലങ്കാനയിൽ സംവരണം ഉയർത്തണം എന്നാവശ്യപ്പെട്ട് ‘ഒരു രാജ്യം ഒരു നിയമം’ എന്ന പ്ലക്കാർഡുകളുമായി പാർലമെന്റിനു പുറത്ത് ടിആർഎസ് എംപിമാർ പ്രതിഷേധിച്ചു. ആന്ധ്രയ്ക്കു പ്രത്യേക പദവി ആവശ്യപ്പെട്ട് അവിശ്വാസപ്രമേയം കൊണ്ടുവരുന്നതിനെ ‘പ്രതിരോധിക്കുന്നതിന്റെ‌’ ഭാഗമായിട്ടായിരുന്നു ടിആർഎസ് നീക്കം. 50 പേരുടെ എങ്കിലും പിന്തുണയുണ്ടെങ്കിൽ മാത്രമേ പ്രമേയം സഭയിൽ ചർച്ചയ്ക്കെടുക്കുകയുള്ളൂ. കോൺഗ്രസും ഇടതുപാർട്ടികളും ഉൾപ്പെടെയുള്ള എട്ടു പ്രതിപക്ഷ പാർട്ടികൾ ടിഡിപിക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാനോ എതിർക്കാനോ ഇല്ലെന്നു ശിവസേന വ്യക്തമാക്കി. പ്രതിപക്ഷത്തെയോ കേന്ദ്ര സർക്കാരിനെയോ പിന്തുണയ്ക്കാതെ വിട്ടുനിൽക്കുമെന്നു ശിവസേന എംപി അരവിന്ദ് സാവന്ത് പറഞ്ഞു. അവിശ്വാസപ്രമേയം നേരിടാന്‍ തയാറാണെന്നും സര്‍ക്കാരിനു ഭൂരിപക്ഷമുണ്ടെന്നും പാര്‍ലമെന്ററി മന്ത്രി അനന്ത്കുമാര്‍ അവകാശപ്പെട്ടു. സഭ തടസ്സപ്പെടുത്താതിരിക്കേണ്ടതു പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറ‍ഞ്ഞു. നരേന്ദ്ര മോദി സർക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയമാണിത്.

അവിശ്വാസ പ്രമേയത്തെ പിന്തുണച്ചിരുന്ന അണ്ണാ ഡിഎംകെ പിന്നോട്ടു പോയി. കാവേരി വിഷയവുമായി ടിഡിപിയുടെ പ്രശ്നത്തെ താരതമ്യപ്പെടുത്തരുതെന്നു തമിഴ്നാട് ഉപമുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായ ഒ. പനീർസെൽവം പറഞ്ഞു. കാവേരി മാനേജ്മെന്റ് ബോർഡ് രൂപീകരിക്കാൻ സുപ്രീംകോടതി ആറാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. ഈ സമയത്തിനു ശേഷം ഒന്നും സംഭവിച്ചില്ലെങ്കിൽ ഭാവി പരിപാടികൾ ചർച്ച ചെയ്യുമെന്നും പനീർസെൽവം വ്യക്തമാക്കി.

അതിനിടെ, കേന്ദ്ര സർക്കാർ വഞ്ചിച്ചുവെന്ന വിമർശനവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ എൻ. ചന്ദ്രബാബു നായിഡു രംഗത്തെത്തി. ‘ആന്ധ്രയെ കേന്ദ്രം വഞ്ചിച്ചു. തനിക്കെതിരെ ബിജെപി വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. വൈഎസ്ആർ കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണ്. സംസ്ഥാന താത്പര്യമല്ല അവർക്കു മുഖ്യം. ജനവികാരം മുതലെടുക്കാനാണ് വൈഎസ്ആർ കോൺഗ്രസ് ശ്രമിക്കുന്നത്’– ചന്ദ്രബാബു നായിഡു പറഞ്ഞു.

ആന്ധ്രപ്രദേശിനു പ്രത്യേക പദവി നൽകില്ലെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കിയതിനെ തുടർന്നു വൈഎസ്ആർ കോൺഗ്രസാണ് ആദ്യം അവിശ്വാസപ്രമേയം മുന്നോട്ടുവച്ചത്. പിന്നീട് ഇതേ വിഷയത്തിൽ എൻഡിഎ മുന്നണി വിട്ട ടിഡിപിയും അവിശ്വാസ പ്രമേയ നോട്ടിസ് നൽകി. 539 അംഗ ലോക്സഭയിൽ ബിജെപിക്ക് 274 അംഗങ്ങളാണുള്ളത്. അതിനാൽ അവിശ്വാസ പ്രമേയം സർക്കാരിനു ഭീഷണിയാകില്ല.