തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ‘കൂണുപോലെ മുളച്ച്’ പാർട്ടികൾ; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്

ബെംഗളൂരു∙ നിയമസഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടു കർണാടകയിൽ കൂണുപോലെ മുളച്ചു പുതിയ പാർട്ടികൾ. കഴിഞ്ഞ ആറു മാസത്തിനിടെ അര ഡസനോളം പുതിയ പാർട്ടികളാണു കർണാടകയിൽ രൂപമെടുത്തത്. ഈ ശ്രേണിയിൽ ഏറ്റവും അവസാനമായി രൂപീകരിച്ചതു ‘ഭാരതീയ ജനശക്തി കോൺഗ്രസ്’ (ബിജെസി) ആണെന്നു ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാർട്ടികൾക്കെല്ലാം ഒരേയൊരു ലക്ഷ്യം. ഭരണത്തിലിരിക്കുന്ന കോൺഗ്രസിനെ താഴെയിറക്കുക. കൂടെ, മുഖ്യ പ്രതിപക്ഷമായ ബിജെപിയെയും നേരിടുക. എന്നാൽ പൊടുന്നനെ മുളച്ചുപൊങ്ങുന്ന പാർട്ടികൾക്കുപിന്നിൽ ബിജെപിയാണെന്നാണ് കോൺഗ്രസിന്റെ ആരോപണം.

മുൻ പൊലീസ് ഉദ്യോഗസ്ഥ അനുപമ ഷേണോയ് ആണ് ബിജെസിയുടെ സ്ഥാപക. ഡിവൈഎസ്പി ആയിരുന്ന അവർ സിദ്ധരാമയ്യ സർക്കാരുമായി ഏറ്റുമുട്ടിയാണു രണ്ടു വർഷം മുൻപ് രാജിവച്ചത്. കഷ്ടിച്ച് 20 പേരടങ്ങുന്ന സംഘമാണു ബിജെസി പാർട്ടി പ്രഖ്യാപനത്തിൽ പങ്കെടുത്തത്. ആളൊഴിഞ്ഞ ഹാളിനെ നോക്കി അനുപമ പ്രകമ്പനം കൊണ്ട ശബ്ദത്തിൽ വിളിച്ചുപറഞ്ഞു, പാർട്ടിയുടെ ലക്ഷ്യം കോൺഗ്രസിനെ തറപറ്റിക്കുകയെന്നതാണെന്ന്.

വനിതാ വ്യവസായി നോവേര ഷെയ്ഖ് കഴിഞ്ഞ നവംബറിൽ വനിതാശാക്തീകരണത്തിനായി പാർട്ടി പ്രഖ്യാപിച്ചു. ആഭരണ വ്യവസായ രംഗത്തുള്ള ഹീര ഗ്രൂപ്പിന്റെ സിഇഒ ആയ നൊവേരയുടെ പാർട്ടിയുടെ പേര് ഓൾ ഇന്ത്യ മഹിളാ എംപവർമെന്റ് പാർട്ടി (എഐഎംഇപി) എന്നാണ്. ജാതി, മത, വർഗ, വംശ വ്യത്യാസമില്ലാതെ സ്ത്രീകളെ ശക്തരാക്കുകയാണ് ഇവരുടെ പ്രഖ്യാപിത ലക്ഷ്യം. കർണാടകയിൽ വനിതാ മുഖ്യമന്ത്രിമാരുണ്ടായിട്ടില്ലെന്നും അതു കൊണ്ടുവരികയാണു ലക്ഷ്യമെന്നും അവർ പറയുന്നു.

പ്രമുഖ കന്നഡ സാമൂഹിക പ്രവർത്തകനും മുൻ എംഎൽഎയുമായ വത്തൽ നാഗരാജും അടുത്തിടെ ‘കർണാടക പ്രജ സംയുക്ത രംഗ’ എന്ന പാർട്ടി രൂപീകരിച്ചു തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നുണ്ട്. ആം ആദ്മി പാർട്ടിയുടെ സ്ഥാപകാംഗമായ യോഗേന്ദ്ര യാദവും ‘സ്വരാജ് അഭിയാൻ’ എന്ന പാർട്ടിയുമായി തിരഞ്ഞെടുപ്പിനിറങ്ങിയിട്ടുണ്ട്. മാണ്ഡ്യയിലെ മേലുകോട്ടെ മണ്ഡലത്തിൽനിന്നു മൽസരിക്കാനാണു സ്വരാജ് അഭിയാൻ ലക്ഷ്യമിടുന്നത്. അതേസമയം, ഇവർ കോൺഗ്രസുമായി സഖ്യത്തിലാണെന്നും കോൺഗ്രസ് നൽകിയ സീറ്റാണിതെന്നും റിപ്പോർട്ടുകളുണ്ട്.

അസാസുദ്ദീൻ ഒവൈസിയുടെ എംഐഎം, മായാവതിയുടെ ബിഎസ്പി, ശരദ് പവാറിന്റെ എൻസിപി തുടങ്ങിയ പാർട്ടികളും കർണാടകയിൽ മാറ്റുരയ്ക്കുന്നുണ്ട്. ബിഎസ്പിയും എൻസിപിയും ജെഡിഎസുമായി ചേർന്നാണു മൽസരിക്കുന്നത്. ഒവൈസിയും ഇവർക്കൊപ്പം ചേരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ജെഡിഎസ് നേതാവ് എച്ച്.ഡി. ദേവഗൗഡ വലിയ താൽപര്യം കാട്ടുന്നില്ല.

അതേസമയം, പൊടുന്നനെ മുളച്ചുപൊങ്ങിയ പാർട്ടികൾക്കുപിന്നിൽ ഒരു പ്രധാനപ്പെട്ട പാർട്ടിയോ വ്യക്തിയോ ആണെന്നാണ് കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളും രാഷ്ട്രീയ വിദഗ്ധരും കരുതുന്നത്. എംഐഎം ബിജെപിയുടെ പിന്തുണയോടെയുള്ള പാർട്ടിയാണെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചിരുന്നു. മായാവതിയും ദേവഗൗഡയും ചേർന്ന് ബിജെപിയെ പിന്തുണയ്ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് കർണാടകയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ ആരോപിച്ചു.