മാറുന്ന സാങ്കേതിക വിദ്യയുടെ ഗുണം ലഭിക്കാൻ വേഗത്തിൽ സഞ്ചരിക്കണം: രഘുറാം രാജൻ

ഡോ. രഘുറാം രാജൻ (ഫയൽ ചിത്രം)

കൊച്ചി∙ ആധുനിക യന്ത്രങ്ങള്‍ വരുന്നതോടെ തൊഴിലില്ലായ്മ രൂക്ഷമാകുമെന്ന ഭയം ലോകത്തെമ്പാടും നിലനില്‍ക്കുന്നുണ്ടെന്നു റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ‘#ഫ്യൂച്ചര്‍’ ഐടി ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ 30 വര്‍ഷമായി പരമ്പരാഗത മേഖലയിലും തൊഴില്‍ നൈപുണ്യം വേണ്ടാത്ത മേഖലകളിലും യന്ത്രങ്ങളിലൂടെയുള്ള തൊഴില്‍നഷ്ടം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴതു വ്യവസായ മേഖലയിലേക്കും ഉയര്‍ന്ന വരുമാനമുള്ള മേഖലകളിലേക്കും വ്യാപിച്ചു. കാര്‍ഷിക മേഖലയില്‍ മാത്രമല്ല, വൈദഗ്ധ്യം ആവശ്യമില്ലാത്ത മേഖലകളിലെല്ലാം യന്ത്രങ്ങള്‍ കൂടി വരുന്നു. യന്ത്രവല്‍ക്കരണത്തെ നേരിടാന്‍, മാറുന്ന സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കാന്‍ നമ്മള്‍ തയാറാകണം. മാറുന്ന സാങ്കേതിക വിദ്യയുടെ ഗുണം ലഭിക്കണമെങ്കില്‍ ഇപ്പോള്‍ സഞ്ചരിക്കുന്നതിനേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കണം.

കൊച്ചിയില്‍ ഹാഷ് ഫ്യൂച്ചര്‍ ഡിജിറ്റല്‍ സമ്മേളനത്തിലെ സംവാദം വീക്ഷിക്കുന്ന സദസ്. ചിത്രം. ജോസ്കുട്ടി പനയ്ക്കൽ

യന്ത്രങ്ങള്‍ തൊഴില്‍ കവര്‍ന്നെടുക്കുന്നു എന്ന പ്രചാരണം പൂര്‍ണമായും ശരിയല്ലെന്ന് ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സിനെക്കുറിച്ച് (എജിഐ) വിശദീകരിക്കുന്നതിനിടയില്‍ രഘുറാം രാജന്‍ പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് (എജിഐ) വരുന്നതോടെ തൊഴില്‍ നഷ്ടപ്പെടുമെന്നായിരുന്നു മറ്റൊരു ഭീതി. 1960 മുതല്‍ കേള്‍ക്കുന്നതാണിത്. ഇപ്പോഴും കേള്‍ക്കുന്നു. പക്ഷേ, ഈ സാങ്കേതിക വിദ്യയുടെ മുന്നേറ്റമൊക്കെ വരാനിരിക്കുന്നതേയുള്ളൂ. മനുഷ്യന്റെ തൊഴില്‍ നെപുണ്യവും സുരക്ഷാ കാരണങ്ങളും രാഷ്ട്രീയവും ഉയര്‍ന്ന െചലവുമെല്ലാം യന്ത്രവല്‍ക്കരണത്തിനെ പിന്നോട്ടടിക്കുന്നതായാണ് കാണുന്നത്.

വ്യവസായ വിപ്ലവകാലം മുതല്‍ യന്ത്രങ്ങള്‍ മനുഷ്യന്റെ ജോലി തട്ടിയെടുക്കുമെന്ന ഭയം സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. യന്ത്രവല്‍ക്കരണത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ച് മാറാന്‍ കഴിവുള്ളവരാണ് മനുഷ്യസമൂഹം. യന്ത്രങ്ങള്‍ ഉണ്ടായാലും മനുഷ്യന്റെ സേവനം ആവശ്യമായ മേഖലകളുണ്ട്. ഇതിനെ ഫലപ്രദമായി ഉപയോഗിക്കാന്‍ വിദ്യാഭ്യാസ രംഗം മെച്ചപ്പെടണം. തൊഴില്‍ശേഷിയും മെച്ചപ്പെടുത്തണം - രഘുറാം രാജന്‍ വ്യക്തമാക്കി.