വയൽക്കിളിക്കെതിരെ സിപിഎം; സുരേഷ് കീഴാറ്റൂരിന്റെ സഹോദരന് തൊഴിൽ വിലക്ക്

വയൽക്കിളി പ്രവർത്തകൻ രതീഷ്.

തളിപ്പറമ്പ്∙ കീഴാറ്റൂരിൽ നെൽവയൽ നികത്തി ബൈപാസ് റോ‍ഡ് നിർമിക്കുന്നതിനെതിരെ സമരം ചെയ്യുന്ന വയൽക്കിളികളുടെ നേതാവു സുരേഷ് കീഴാറ്റൂരിന്റെ സഹോദരനു സിപിഎം തൊഴിൽവിലക്ക് ഏർപ്പെടുത്തിയതായി പരാതി. കല്യാശ്ശേരി ബക്കളത്തു ചുമട്ടുതൊഴിലാളിയായ രതീഷിനാണു തൊഴിലില്ലാതായത്. അസിസ്റ്റന്റ് ലേബർ ഓഫിസർക്കു പരാതി നൽകിയെങ്കിലും നടപടിയൊന്നുമായില്ല. 

സിഐടിയു  പ്രവർത്തകനായ രതീഷ് വയൽക്കിളി സമരത്തിനൊപ്പമാണ്. സമരത്തിൽ പങ്കെടുത്തതിന്റെ പേരിലാണു തൊഴിലിൽ നിന്നു മാറ്റി നിർത്തുന്നതെന്നു രതീഷ് പറഞ്ഞു. നിലപാടു തിരുത്തി മാപ്പുപറഞ്ഞാൽ വിലക്കു മാറ്റാമെന്നാണു സിഐടിയു നേതാക്കൾ പറയുന്നത്. 
സഹോദരനു തൊഴിൽവിലക്ക് ഏ‍ർപ്പെടുത്തിയ കാര്യം കഴിഞ്ഞ ദിവസം സുരേഷ് കീഴാറ്റൂരാണു ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്.

‘അനിയൻ വയൽ‌ക്കിളി പ്രവർത്തകൻ, ചുമട്ടു തൊഴിലാളി– പാർട്ടിക്കോടതി കൽപ്പിച്ചു ഇനി തൊഴിലെടുക്കേണ്ടെന്ന്’ എന്നായിരുന്നു സുരേഷിന്റെ എഫ്ബി പോസ്റ്റ്. രതീഷിനെ കൊലപ്പെടുത്തി സിപിഎമ്മിനെ പഴിചാരാൻ ആർഎസ്എസ് നീക്കം നടത്തിയതായി നേരത്തേ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ ആരോപിച്ചിരുന്നു.