Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് ഇന്ത്യ– പാക്ക് യുദ്ധമല്ല, സമാധാന സമരമാണ്: മോദിയോട് അണ്ണാ ഹസാരെ

Anna-Hazare അണ്ണാ ഹസാരെ. (ഫയൽ ചിത്രം)

ന്യൂഡൽഹി∙ യുപിഎ സർക്കാരിനെ പിടിച്ചുലയ്ക്കുകയും രാജ്യത്തെ യുവാക്കളെ ഇളക്കിമറിക്കുകയും ചെയ്ത ഗാന്ധിയൻ അണ്ണാ ഹസാരെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രംഗത്ത്. പാർലമെന്റ് പാസാക്കിയ ലോക്പാൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ ലോക്പാലിനെ നിയമിക്കണമെന്നും ഉൽപാദന ചെലവു കണക്കാക്കി കർഷകർക്കു മികച്ച വില നൽകണമെന്നും ആവശ്യപ്പെട്ടു റാംലീല മൈതാനത്ത് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയ ഹസാരെ, നരേന്ദ്ര മോദിയെ നിശിതമായി വിമർശിച്ചു. 

‘കാർഷിക പ്രതിസന്ധി ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് 2014 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 43 കത്തുകളെഴുതി. ഒന്നിനുപോലും മറുപടി തന്നില്ല. നല്ലതു പ്രതീക്ഷിച്ചു നിരവധിയാളുകളാണു ഈ സമരത്തിൽ പങ്കെടുക്കുന്നത്. സമരത്തിനു ജനങ്ങൾ എത്താതിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിനുകളും ബസുകളും റദ്ദാക്കി. സമരത്തെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണ്. ജനങ്ങളെ അക്രമത്തിലേക്കു തള്ളിവിട്ടു. നിരവധി പൊലീസിനെയാണു വിന്യസിച്ചിരിക്കുന്നത്. ഇതൊരു സമാധാന സമരമാണ്. പക്ഷേ ഇന്ത്യ– പാക്കിസ്ഥാൻ യുദ്ധത്തിനു സമാനമായി കാര്യങ്ങളെ സമീപിച്ചതിൽ എനിക്കു ദുഃഖമുണ്ട്. നിരവധി കഷ്ടങ്ങൾ സഹിച്ചാണു കർഷകർ ഇവിടെയെത്തുന്നത്’– ഹസാരെ പറഞ്ഞു.

ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷമാണു ഹസാരെ സമരവുമായി രാജ്യതലസ്ഥാനത്ത് എത്തിയത്. ലോക്പാല്‍ നടപ്പാക്കാതെ നിരാഹാരസമരം അവസാനിപ്പിക്കില്ലെന്നും വേണ്ടിവന്നാല്‍ മരണംവരെ സമരം തുടരുമെന്നും ഹസാരെ വ്യക്തമാക്കി. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ലോക്പാല്‍ നിയമനം ആവശ്യപ്പെട്ടുള്ള സമരം രണ്ടാം ദിവസത്തിലേക്കു കടന്നു. തിരഞ്ഞെടുപ്പുചട്ടങ്ങൾ പരിഷ്കരിക്കണമെന്നും ആവശ്യമുണ്ട്. ഹസാരെയ്ക്കു പിന്തുണയുമായി കൂടുതല്‍ സംഘടനകള്‍ എത്തുന്നുണ്ട്.

യുപിഎ സർക്കാരിന്റെ കാലത്തു ഡൽഹിയിൽ നടത്തിയ ആദ്യ രണ്ടു സമരങ്ങൾ വിജയിച്ചതിന്റെ ബലത്തിലാണു ഹസാരെയുടെ പുതിയ സമരാഹ്വാനം.‌ ഹസാരെയുടെ ആദ്യ സമരങ്ങൾക്കു ചുക്കാൻ പിടിച്ചിരുന്ന പലരും രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയോ പാർട്ടികളിൽ ചേരുകയോ ചെയ്തു. അരവിന്ദ് കേജ്‌രിവാളും കിരൺ ബേദിയുമായിരുന്നു ഇവരിൽ പ്രമുഖർ. അരവിന്ദ് കേജ്‌രിവാൾ ആം ആദ്മി പാർട്ടി (എഎപി) രൂപീകരിച്ചു തിരഞ്ഞെടുപ്പിൽ മത്സരിച്ചു ഡൽഹി മുഖ്യമന്ത്രിയായി. ബിജെപിയിൽ ചേർന്ന കിരൺ ബേദി ഇപ്പോൾ പുതുച്ചേരി ലഫ്റ്റനന്റ് ഗവർണറാണ്. ഈ നേതാക്കളുടെ അഭാവമാണ് ജനത്തിരക്കു കുറച്ചതെന്നു വിലയിരുത്തലുണ്ട്.

related stories