കോൺഗ്രസ് ആപ്പിലെ വിവരങ്ങൾ ‘സിംഗപ്പൂർ സൃഹൃത്തുക്കൾക്ക്’: തിരിച്ചടിച്ച് ബിജെപി

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനിലെ (നമോ ആപ്) വ്യക്തിവിവരങ്ങൾ‍ യുഎസ് കമ്പനികൾക്കു ചോർത്തുന്നുവെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആരോപണത്തിനെതിരെ ബിജെപി രംഗത്ത്. സിംഗപ്പൂർ കേന്ദ്രമായ സ്ഥാപനത്തിനു ജനങ്ങളുടെ വ്യക്തിവിവരങ്ങൾ കോൺഗ്രസിന്റെ ഔദ്യോഗിക ആപ്് വഴി കൈമാറുന്നുവെന്ന ആരോപണവുമായാണ് ബിജെപിയുടെ രംഗപ്രവേശം. ഇതിനുപിന്നാലെ കോൺഗ്രസിന്റെ ആപ് പ്ലേസ്റ്റോറിൽനിന്നു നീക്കിയതായാണ് റിപ്പോർട്ട്.

മോദിക്കെതിരെ രാഹുൽ ഗാന്ധി ആരോപണമുന്നയിച്ച അതേ രീതിയിലായിരുന്നു ട്വിറ്ററിലൂടെത്തന്നെയുള്ള ബിജെപിയുടെ മറുപടി.

‘ഹായ്, എന്റെ പേര് രാഹുൽ ഗാന്ധി. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പാർട്ടിയുടെ പ്രസിഡന്റാണ്. ഞങ്ങളുടെ ഔദ്യോഗിക ആപ്ലിക്കേഷനിൽ സൈൻ അപ് ചെയ്യുമ്പോൾ, സിംഗപ്പൂരിലെ സുഹൃത്തുക്കൾക്കു നിങ്ങളെപ്പറ്റിയുള്ള വിവരങ്ങളെല്ലാം ഞാൻ നൽകും’– ബിജെപി ഐടി വിഭാഗം മേധാവി അമിത് മാൽവിയ ട്വിറ്ററിൽ കുറിച്ചു. കോൺഗ്രസ് വെബ്സൈറ്റിന്റെ സ്വകാര്യതാ നയങ്ങളുടെ സ്ക്രീൻഷോട്ടുകൾ സഹിതമാണ് അമിത്തിന്റെ ട്വീറ്റ്.

കോൺഗ്രസ് വെബ്സൈറ്റിന്റെ സ്വകാര്യതാ നയം ശ്രദ്ധേയമാണ്. വെബ്സൈറ്റ് ശക്തമാക്കുന്നതിന്റെ ഭാഗമായി ഉപയോക്താക്കളുടെ വിവരങ്ങൾ കച്ചവടക്കാർ, കൺസൽട്ടന്റുമാർ, സന്നദ്ധ സേവകർ, കോൺഗ്രസുമായി സഹകരിക്കുന്നവർ, സമാന രാഷ്ട്രീയ ചിന്താഗതിയുള്ളവർ തുടങ്ങിയവർ‌ക്കെല്ലം പങ്കുവയ്ക്കപ്പെടാം.

സ്ഥാനാർഥികൾ, സംഘടനകൾ, കൂട്ടായ്മകൾ എന്നിവരുമായി വിവരങ്ങൾ പങ്കിടുമെന്നു പറയുന്നതിനു ദൂരവ്യാപക ഫലങ്ങളുണ്ടെന്നാണ് ബിജെപിയുടെ ആരോപണം. കോൺഗ്രസുമായി സമാനതയുള്ളവർ എന്നു പറയുമ്പോൾ മാവോയിസ്റ്റുകൾ, കല്ലേറുകാർ, ചൈനീസ് എംബസി, ‘കീർത്തി കേട്ട’ കേംബ്രിജ് അനലിറ്റിക്ക തുടങ്ങിയവരെല്ലാം ഉൾപ്പെടും – അമിത് ആരോപിച്ചു.

ഈ ആരോപണം വന്നതിനു പിന്നാലെയാണു പ്ലേസ്റ്റോറിൽനിന്നു കോൺഗ്രസ് ആപ് നീക്കിയത്. ആപ് പിൻവലിച്ചതല്ലെന്നും പരിഷ്കരിക്കുകയാണെന്നുമാണു കോൺഗ്രസിന്റെ വിശദീകരണം. രാഹുലിന്റെ ആരോപണത്തിനു പിന്നാലെ നമോ ആപ്പിന്റെ സ്വകാര്യതാ നയം മാറ്റിയിരുന്നു.