ഡെബിറ്റ് കാർഡിൽ കുരുക്ക്; മിനിമം ബാലൻസില്ലെങ്കിൽ ഇടപാടൊന്നിന് 25 രൂപ വരെ പിഴ

പ്രതീകാത്മക ചിത്രം.

മുംബൈ∙ കറൻസി രഹിത പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഡെബിറ്റ് കാർഡ് ഉപയോഗം വ്യാപിപ്പിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുമ്പോൾ, അതിന്റെ പേരിൽ ജനങ്ങളെ പിഴിഞ്ഞു ബാങ്കുകൾ. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉൾപ്പെടെയുള്ള ബാങ്കുകളാണു മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ 17 മുതൽ 25 രൂപ വരെ കൊള്ളയടിക്കുന്നത്.

മിനിമം ബാലൻസില്ലാതെ എടിഎമ്മിലോ കടകളിലെ പോസ് (പോയിന്റ് ഓഫ് സെയിൽ) മെഷീനിലോ ഡെബിറ്റ് കാർഡ് ഉപയോഗിക്കുമ്പോഴാണു ബാങ്കുകൾ പിഴ ഈടാക്കുന്നത്. ഇങ്ങനെയുള്ള ഓരോ ഇടപാടിനും എസ്ബിഐ 17 രൂപയാണു കൈക്കലാക്കുന്നത്. അതേസമയം, എച്ച്ഡിഎഫ്സി ബാങ്കും ഐസിഐസിഐ ബാങ്കും പിഴ ഈടാക്കുന്നതകാട്ടെ 25 രൂപയും. പിഴയ്ക്കൊപ്പം ചരക്ക് സേവന നികുതിയും (ജിഎസ്ടി) ഉപയോക്താവ് അടയ്ക്കണം.

ചെക്ക് മടങ്ങുന്നതിനു തുല്യമാണ് ഇലക്ട്രോണിക് ക്ലിയറിങ് സർവീസസ് (ഇസിഎസ്) എന്നാണ് ഇതിനു ബാങ്കുകൾ നൽകുന്ന വിശദീകരണം. എന്നാൽ, ഡിജിറ്റൽ ബാങ്കിങ്ങിന് എതിരാണ് ഇത്തരം നിലപാടുകളെന്നു വിമർശനമുണ്ട്. വ്യപാരികൾക്കു 2000 രൂപ വരെയുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് ഇളവ് (എംഡിആർ) അനുവദിക്കുമ്പോഴാണ് ബാലൻസില്ലാത്തതിന്റെ പേരിൽ ജനങ്ങളെ പിഴിയുന്നതെന്നാണ് ആരോപണം.