കിം ജോങ് ഉൻ ചൈനയിൽ തന്നെ; ആണവായുധം ഉപേക്ഷിക്കാമെന്ന് വാഗ്ദാനം

കിം ജോങ് ഉന്നും ഷീ ചിൻപിങ്ങും

ബെയ്ജിങ്∙ രണ്ടു ദിവസത്തെ അഭ്യൂഹങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ സന്ദർശനം നടത്തിയതായി തുറന്നു സമ്മതിച്ച് ചൈന. പ്രസിഡന്റ് ഷീ ചിൻപിങ്ങും കിമ്മും കൂടിക്കാഴ്ച നടത്തിയതായി ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ അറിയിച്ചു. ഞായറാഴ്ച ചൈനയിലെത്തിയ കിം ബുധനാഴ്ച വരെ ഇവിടെയുണ്ടായിരുന്നുവെന്നും സിൻഹുവ റിപ്പോർട്ടു ചെയ്യുന്നു.

അതേസമയം, ആണവായുധങ്ങൾ ഉപേക്ഷിക്കുമെന്നും പരീക്ഷണം അവസാനിപ്പിക്കുമെന്നും കിം ജോങ് ഷീ ചിൻപിങ്ങിന് ഉറപ്പുനൽകിയെന്ന് ചൈന വാർത്തക്കുറിപ്പിൽ അറിയിച്ചു. ഷീ ചിൻപിങ്ങുമായി വിജയകരമായ ചർച്ച നടത്താൻ സാധിച്ചുവെന്ന് കിം ജോങ് ഉൻ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎഫ്പിയും റിപ്പോർട്ടു ചെയ്യുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും കൊറിയൻ പെനിസുലയിൽ സമാധാനം സ്ഥാപിക്കുന്നതിനെക്കുറിച്ചും സംസാരിച്ചതായും കിം വ്യക്തമാക്കി.

കിം ജോങ് ഉന്നും ഷീ ചിൻപിങ്ങും ഒരുമിച്ചു വേദി പങ്കിടുന്നത് വീക്ഷിക്കുന്നയാൾ

Read: കി ജോങ് ഉന്നിന്റെ യാത്രയ്ക്ക് ബുള്ളറ്റ് പ്രൂഫ് ബെൻസ്, വന്നത് പച്ച ട്രെയിനില്‍(വിഡിയോ)

കിം ജോങ് ഉന്നും ഷീ ചിൻപിങ്ങും

യുഎസുമായി ചർച്ച നടത്തുന്നതിനും ആവശ്യമെങ്കിൽ ഉച്ചകോടി സംഘടിപ്പിക്കുന്നതിനും തയാറാണെന്നും കിം പറഞ്ഞു. തങ്ങളുടെ ശ്രമങ്ങളോടു ദക്ഷിണ കൊറിയയും യുഎസും മുഖംതിരിക്കാതിരിക്കുകയും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്താൽ കൊറിയൻ പെനിസുലയിൽ നിലനിൽക്കുന്ന ആണവഭീഷണിയിൽ മാറ്റം വരുമെന്നും കിം അറിയിച്ചു.

2011ൽ പിതാവ് കിം ജോങ് ഇല്ലിന്റെ മരണത്തെത്തുടർന്ന് അധികാരമേറ്റ ശേഷമുള്ള ഉന്നിന്റെ ആദ്യ വിദേശ സന്ദർശനമാണ് ചൈനയിലേത്. ട്രെയിനിലാണ് ഉൻ ബെയ്ജിങ്ങിലെത്തിയത്. ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എന്നിവരുമായി അടുത്ത മാസങ്ങളിൽ കിം ജോങ് ഉൻ ചർച്ചകൾ നടത്താനിരിക്കുകയാണ്. അതിനു മുന്നോടിയായി സഖ്യരാജ്യമായ ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ്ങിനെ കാണുകയായിരുന്നു ഉന്നിന്റെ ലക്ഷ്യമെന്നാണു വിവരം. ഡോണൾഡ് ട്രംപുമായി പലതവണ ചർച്ച നടത്തിയിട്ടുള്ള ഷി ചിൻപിങ്ങിൽനിന്നു നിർദേശങ്ങൾ തേടിയെന്നും വിലയിരുത്തപ്പെടുന്നു