ഉത്സവത്തിനിടെ പടക്കത്തിനു തീപിടിച്ച് അപകടം: ചികിത്സയിലിരുന്ന കുട്ടി മരിച്ചു

വണ്ടിത്താവളം അലയാറിൽ മാരിയമ്മൻ ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിക്കാൻ ഇടയായ ഓലപ്പടക്കം പൊട്ടി തീപടർന്ന സ്ഥലം (ഫയൽ ചിത്രം)

പാലക്കാട് ∙ വണ്ടിത്താവളത്ത് മാരിയമ്മൻ ഉത്സവത്തിനിടെ ഓലപ്പടക്കത്തിൽ നിന്നു കരിമരുന്നിലേക്കു തീ പടർന്നുണ്ടായ ദുരന്തത്തിൽ പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഏഴു വയസുകാരൻ മരിച്ചു. അലയാർ സ്വദേശി മുത്തുവിജയന്റെ മകൻ കവിൻ ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 90 ശതമാനം പൊള്ളലേറ്റ നിലയിലായിരുന്നു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. സംഭവത്തിൽ മൂന്നു കുട്ടികൾ ഉൾപ്പെടെ 13 പേർക്കാണു പൊള്ളലേറ്റത്.

അലയാർ ഉച്ചിമഹാളിയമ്മൻ ക്ഷേത്രത്തിലെ പൊങ്കലിനിടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. ‌ഒൻപതു പേരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ടു പേരെ പാലക്കാട് ജില്ലാ ആശുപത്രിയിലും രണ്ടു പേരെ ചിറ്റൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കവിനെ കൂടാതെ അലയാർ സ്വദേശികളായ പൊന്നു കാശി (52), ചെല്ലൻ (68), ബിനു (29), നാരായണൻകുട്ടി (32), അനീഷ് (29) കൃഷ്ണൻ (54), ഷൺമുഖൻ (55), ശ്രേയസ് (അഞ്ച്), ഷിജു (25), പ്രണവ് (23), രാജേഷ് (35), ബിനു (13) എന്നിവരാണു പൊള്ളലേറ്റ മറ്റുള്ളവർ.

ക്ഷേത്രത്തിൽ പൊങ്കാല നടക്കുന്നതിനിടെ തൊട്ടടുത്ത കുളത്തോടു ചേർന്ന് ഓലപ്പടക്കം പൊട്ടിച്ചതാണ് അപകടമുണ്ടാക്കിയത്. ഈ ഭാഗത്തുണ്ടായിരുന്ന പുല്ലിനു തീ പിടിക്കുകയും ഇതിൽ നിന്നു തീപ്പൊരി തെറിച്ചു ക്ഷേത്രമുറ്റത്തു ചാക്കിൽ സൂക്ഷിച്ച കരിമരുന്നിൽ വീഴുകയുമായിരുന്നു.