അന്ത്യയാത്രയ്ക്കു മുന്നിൽ കണ്ണുനീർ പൊഴിച്ച് ആരാധകർ; ഹോക്കിങ് ഇനി ഓർമനക്ഷത്രം

വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങിന്റെ ഭൗതിക ശരീരം കേംബ്രിജിലെ സെന്റ് മേരി ദ് ഗ്രേറ്റ് പള്ളിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിയരികിൽ കാത്തു നിന്ന ആരാധകർ കയ്യടികളോടെ അഭിവാദ്യം ചെയ്യുന്നു.

ലണ്ടൻ∙ വിരലനക്കം പോലും അസാധ്യമായിട്ടും കണ്‍മിഴികളിൽ പ്രത്യാശ നിറച്ച് തന്റെ വീൽചെയറിനെയും ജീവിതത്തെയും മുന്നോട്ടു നയിച്ച ശാസ്ത്രത്തിന്റെ മഹാപ്രതിഭ ഒടുവിൽ ഓർമകളിലേക്ക്... വിഖ്യാത ഭൗതിക ശാസ്ത്രജ്ഞനും പ്രപ‍ഞ്ച ഗവേഷകനുമായ സ്റ്റീഫൻ ഹോക്കിങ്ങിന് അന്ത്യവിശ്രമം ഒരുക്കിയത് ശാസ്ത്രത്തിനു വേണ്ടി ജീവിതം സമർപ്പിച്ച മഹാപ്രതിഭകൾക്കൊപ്പം. കേംബ്രിജിലെ സെന്റ് മേരി ദ് ഗ്രേറ്റ് പള്ളിയിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും ഉൾപ്പെടെ അഞ്ഞൂറോളം പേർ പങ്കെടുത്ത ചടങ്ങിലായിരുന്നു സംസ്കാര ശുശ്രൂഷകൾ. തുടർന്ന് ചരിത്രപ്രസിദ്ധമായ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ ഐസക് ന്യൂട്ടന്റെയും ചാൾസ് ഡാർവിന്റെയും ശവകുടീരങ്ങൾക്കരികെ അന്ത്യവിശ്രമം. 

പ്രാദേശിക സമയം ഉച്ചയ്ക്കു രണ്ടിന് ശുശ്രൂഷാച്ചടങ്ങുകൾ ആരംഭിച്ചു. നീണ്ട 52 വർഷക്കാലം ഫെലോ ആയി പ്രഫ. ഹോക്കിങ് സേവനമനുഷ്ഠിച്ച ഗോൺവിൽ ആൻഡ് കീസ് കോളജിൽ നിന്നായിരുന്നു ഭൗതികദേഹം വഹിച്ചുള്ള യാത്ര ആരംഭിച്ചത്. പ്രപഞ്ചത്തെ പ്രതിനിധാനം ചെയ്ത് വെള്ള ലില്ലിപ്പൂക്കളും ധ്രുവനക്ഷത്രത്തെ പ്രതിനിധീകരിച്ച് വെളുത്ത റോസാപുഷ്പങ്ങളും ഭൗതികശരീരം അടക്കം ചെയ്ത പെട്ടിയിൽ വച്ചിരുന്നു.

നൂറുകണക്കിനു പേരാണ് യാത്രാപാതയുടെ ഇരുവശത്തും പള്ളിക്കു പുറത്തും കാത്തു നിന്നിരുന്നത്. ഹോക്കിങ്ങിന്റെ ഭൗതികശരീരം പള്ളിയിലേക്ക് എത്തിച്ചപ്പോൾ കയ്യടികളോടെയായിരുന്നു സ്വീകരണം. പലരും ആ മഹാപ്രതിഭയുടെ ഓർമയ്ക്കു മുന്നിൽ കണ്ണുനീർ പൊഴിച്ചു. ആ നേരം ഹോക്കിങ്ങിന്റെ വയസ്സിനെ സൂചിപ്പിച്ച് 76 തവണ പള്ളിമണി ശബ്ദിച്ചു. പിതാവ് ഏറ്റവുമധികം സ്നേഹിച്ച, അദ്ദേഹത്തെ ഏറ്റവുമധികം സ്നേഹിച്ചവരുള്ള സ്ഥലമായതിനാലാണ് അന്ത്യവിശ്രമത്തിന് കേംബ്രിജ് തന്നെ തിരഞ്ഞെടുത്തതെന്ന് ഹോക്കിങ്ങിന്റെ മക്കളായ ലൂസിയും റോബർട്ടും ടിമ്മും പറഞ്ഞു.

21–ാം വയസ്സിൽ സ്ഥിരീകരിച്ച മോട്ടോ‍ർ ന്യൂറോൺ രോഗം മൂലം ചക്രക്കസേരയിൽ ജീവിതം നയിച്ച സ്റ്റീഫൻ ഹോക്കിങ്ങിന്റെ പ്രപഞ്ചോൽപത്തിയുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങളും ഗവേഷണങ്ങളും അസാധാരണ ജീവിതവുമാണ് അദ്ദേഹത്തെ ലോകത്തിനു സുപരിചിതനാക്കിയത്. കേംബ്രിജിലെ സ്വവസതിയിൽ മാർച്ച് 14നായിരുന്നു ഹോക്കിങ്ങിന്റെ മരണം.

വെസ്റ്റ്മിൻസ്റ്റർ 

ആബി ലണ്ടൻ നഗരത്തിന്റെ ഹൃദയഭാഗത്ത്, പ്രസിദ്ധമായ ബിഗ് ബെൻ ഘടികാരത്തിനും പാർലമെന്റ് മന്ദിരത്തിനും സമീപത്താണ് ആയിരത്തിലേറെ കൊല്ലം പഴക്കമുള്ള ഈ ദേവാലയം. ബ്രിട്ടിഷ് ചരിത്രത്തിന്റെ സ്പന്ദനങ്ങൾ ഇവിടെ തൊട്ടറിയാം. ഓരോ വർഷവും പത്തു ലക്ഷത്തിലേറെ സന്ദർശകർ എത്തുന്ന ഇവിടം യുനെസ്കോയുടെ പൈതൃക കേന്ദ്രം കൂടിയാണ്.

ബ്രിട്ടൻ ഭരിച്ച ചക്രവർത്തിമാരും രാജ്ഞിമാരും ഉൾപ്പെടെ ചരിത്രത്തിലെ പ്രമുഖവ്യക്തികൾ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു. കവികൾക്കായുള്ള ‘പോയറ്റ്സ് കോണറും’ ശ്രദ്ധേയം. ജെഫ്രി ചോസർ മുതൽ നൂറോളം ബ്രിട്ടിഷ് കവികളും എഴുത്തുകാരും ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു. 

ഗുരുത്വാകർ‌ഷണ, ചലനനിയമങ്ങളുൾപ്പെടെ ശാസ്ത്രത്തിനു വിലപ്പെട്ട സംഭാവനകൾ നൽകിയ ഐസക് ന്യൂട്ടനെ 1727ൽ ആണു വെസ്റ്റ്മിൻസ്റ്റർ ആബിയിൽ അടക്കിയത്. പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ചാൾസ് ഡാർവിനെ ന്യൂട്ടന്റെ തൊട്ടരികിലായി 1882ലും. ന്യൂക്ലിയർ ഫിസിക്സിന്റെ ആചാര്യൻ ഏണസ്റ്റ് റൂഥർഫോർഡ്, ഇലക്ട്രോൺ കണ്ടുപിടിച്ച ജോസഫ് ജോൺ തോംസൺ തുടങ്ങിയവരാണു വെസ്റ്റ്മിൻസ്റ്റർ ആബിയിൽ അന്ത്യവിശ്രമം കൊള്ളുന്ന മറ്റു ശാസ്ത്രപ്രതിഭകളിൽ ചിലർ.