ആശങ്കയകന്നു; ദക്ഷിണ പസിഫിക്കിനു മുകളില്‍ എരിഞ്ഞമർന്ന് ടിയാൻഗോങ്–1

ടിയാന്‍ഗോങ്-1 ഭൂമിയിലേക്ക് പതിക്കുന്നതിന്റെ ചിത്രീകരണം. ചിത്രം: ട്വിറ്റർ

ബെയ്ജിങ്∙ നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ടിയാന്‍ഗോങ്-1 ദക്ഷിണ പസിഫിക്കിനു മുകളിൽ എരിഞ്ഞുതീർന്നു. തിങ്കൾ പുലർച്ചെ പന്ത്രണ്ടേകാലോടെ (ബെയ്ജിങ് സമയം രാവിലെ 8.15) നിലയം ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിച്ചെന്നും ഏറെക്കുറെ പൂർണമായും എരിഞ്ഞമർന്നെന്നും ചൈനയുടെ ഔദ്യോഗിക മാധ്യമം പീപ്പിൾസ് ഡെയ്‌ലി റിപ്പോർട്ട് ചെയ്തു. എന്നാൽ നിലയത്തിന്റെ ഏതെങ്കിലും ഭാഗങ്ങൾ ഭൂമിയിൽ പതിച്ചതായി ചൈനീസ് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.

ബ്രസീലിയൻ തീരത്ത് ദക്ഷിണ അറ്റ്ലാന്റിക്കിനു സമീപം സാവോ പോളോയ്ക്കും റിയോ ഡി ജനീറോയ്ക്കും സമീപം നിലയം തകർന്നുവീഴുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ. എന്നാൽ ടാഹിതിയുടെ വടക്കുപടിഞ്ഞാറായി 100 കിലോമീറ്റർ ചുറ്റളവിലെവിടെയോ ടിയാൻഗോങ്–1 തകർന്നു വീണതായി ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ ബ്രാഡ് ടക്കെർ പറഞ്ഞു. നിലയത്തിന്റെ ചെറിയൊരു ഭാഗമെങ്കിലും ഭൂമിയിൽ പതിച്ചിട്ടുണ്ടാകുമെന്നും അവർ പറയുന്നു.

Read: അവശിഷ്ടങ്ങൾ തൊട്ടുനോക്കരുതെന്ന് മുന്നറിയിപ്പ്, കോമയിലാകാൻ വരെ സാധ്യത

ഞായർ രാത്രി 11.20 നു ശേഷം എപ്പോൾ വേണമെങ്കിലും നിലയം ഭൂമിയിലേക്കു പതിക്കാമെന്നു ചൈന നേരത്തെ അറിയിച്ചിരുന്നു. ഓസ്ട്രേലിയയ്ക്കും യുഎസിനും ഇടയിലായിരിക്കും വീഴ്ചയെന്നായിരുന്നു പ്രവചനം. കേരളത്തിന് ആശങ്ക വേണ്ടെന്നു ശാസ്ത്ര ഗവേഷകർ അറിയിച്ചിരുന്നു.

പേടകത്തിന്റെ വീഴ്ച മനുഷ്യര്‍ക്ക് അപകടമുണ്ടാക്കാന്‍ സാധ്യത കുറവാണെന്നു ചൈനീസ് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലയത്തിന്റെ 10 ശതമാനം ഭാഗം മാത്രമേ ഭൂമിയില്‍ പതിക്കാനിടയുള്ളൂ. ബാക്കിയെല്ലാം അന്തരീക്ഷത്തിൽ കത്തിപ്പോകും. നിലയത്തിന്റെ അവശിഷ്ടങ്ങളിൽ വിഷമയമായ രാസപദാർഥങ്ങളൊന്നും ഉണ്ടാകില്ലെന്നും ചൈനീസ് സൈനിക വക്താവ് അറിയിച്ചിരുന്നു.

2016 സെപ്റ്റംബര്‍ 14 നാണ് നിലയത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട വിവരം ചൈന ഔദ്യോഗികമായി സമ്മതിച്ചത്. രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ മാതൃകയിൽ (ഐഎസ്എസ്) ചൈന വികസിപ്പിച്ചെടുത്ത സ്വന്തം ബഹിരാകാശ നിലയമാണു ടിയാൻഗോങ്–1. ‘സ്വർഗ സമാനമായ കൊട്ടാരം’ എന്നാണു പേരിനർഥം. ചൈനീസ് ശാസ്ത്രജ്ഞർക്കു മാസങ്ങളോളം ബഹിരാകാശത്തു തങ്ങി പരീക്ഷണങ്ങൾ നടത്താനുള്ള അവസരമൊരുക്കുകയായിരുന്നു പ്രധാന ലക്ഷ്യം.