അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യ സിലിക്കൺവാലിയാകും: ലോക ബാങ്ക്

സിലിക്കൺ വാലി. (ഫയൽ ചിത്രം)

ന്യൂഡൽഹി ∙ ആഗോള ടെക് ഭീമന്മാരുടെ ആസ്ഥാനമായ യുഎസിലെ സിലിക്കൺ വാലി പോലെയാകാൻ ഇന്ത്യയ്ക്കു ശേഷിയുണ്ടെന്നും അഞ്ചു വർഷത്തിനകം ആ നേട്ടം കൈവരിക്കുമെന്നും ലോക ബാങ്ക്. വികസ്വര രാജ്യങ്ങളിലെ വളർച്ചയെക്കുറിച്ചു ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇന്ത്യയുടെ യുവത്വത്തിനു പ്രതീക്ഷയേകുന്ന വാർത്തയുള്ളത്.

താഴ്ന്ന വരുമാനമുള്ള രാജ്യത്തിൽനിന്ന് ഉയർന്ന വരുമാനമുള്ള രാജ്യത്തിലേക്ക് ഇന്ത്യ വളരേണ്ടതുണ്ട്. ഇതിനാവശ്യമായ അന്തരീക്ഷം ഒരുക്കിയാൽ രാജ്യം സാങ്കേതികവിദ്യയിൽ അടക്കം മുന്നേറുമെന്നും ലോക ബാങ്ക് ഇന്ത്യ തലവൻ ജുനൈദ് കമാൽ അഹമ്മദ് പറഞ്ഞു. ‘വികസ്വര രാജ്യങ്ങളിലെ പുതുമകൾ’ എന്ന വിഷയത്തിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു ജുനൈദ്.

‘കമ്പനിയുടെ വലുപ്പം, ശേഷി, കണ്ടുപിടുത്തം തുടങ്ങിയവ തമ്മിൽ ശക്തമായ ബന്ധമുണ്ട്. നൂതന വഴികൾ കണ്ടുപിടിച്ചില്ലെങ്കിൽ ഇന്ത്യയിലെ കമ്പനികൾ മുരടിച്ചു പോകും. വികസ്വര രാജ്യങ്ങളിൽ ഗവേഷണത്തിനും കണ്ടുപിടിത്തങ്ങൾക്കും നിക്ഷേപം വരുന്നുണ്ട്. നയരൂപീകരണം നടത്തുന്നവർ മാറിചിന്തിച്ചാൽ അഞ്ചു വർഷം കൊണ്ട് ഇന്ത്യയ്ക്ക് മറ്റൊരു സിലിക്കൺ വാലിയാകാൻ സാധിക്കും. ഈ മേഖലയിൽ നിക്ഷേപം വർധിപ്പിക്കണം’– ജുനൈദ് വ്യക്തമാക്കി.