മോദിയുടെ ‘ദലിത് വിരുദ്ധ’ നയത്തിൽ പ്രതിഷേധം; ബിജെപി നേതാവ് ബിഎസ്പിയിൽ ചേർന്നു

ഫഗ്‌വാര (പഞ്ചാബ്)∙ ബിജെപി നേതാവും പഞ്ചാബിലെ മുൻ എംഎൽഎയുമായ ചൗധരി മോഹൻ ബംഗ ബിഎസ്പിയിൽ ചേർന്നു. ദലിതർക്കും പാവങ്ങൾക്കുമെതിരായ മോദി സർക്കാരിന്റെ നയങ്ങളിൽ അസംതൃപ്തനായാണു രാജിയെന്നു ചൗധരി വ്യക്തമാക്കി. ബ്ലോക് സമിതി ചെയർമാൻ ബൽവീന്ദർ റാം, ബ്ലോക് സമിതി അംഗം ജസ്‌വിന്ദർ കൗർ, മെഹ്‌ലിയാന ഗ്രാമത്തിന്റെ മുൻ സർപ്പഞ്ച് സുരീന്ദർ സിങ് എന്നിവരും പാർട്ടി വിട്ട് ബിഎസ്പിയിൽ ചേർന്നിട്ടുണ്ട്.

എസ്‌സി – എസ്ടി ആക്ടിൽ വെള്ളം ചേർത്തതാണ് ഈ ശ്രേണിയിലെ മോദി സർക്കാരിന്റെ ഏറ്റവും അവസാനത്തെ ആണി. ഇനി പറ്റില്ല, അതിനാലാണ് ബിഎസ്പിയിൽ ചേർന്നതെന്നും ചൗധരി വ്യക്തമാക്കി. അകാലിദൾ എംഎൽഎയായി ബംഗ നിയമസഭാ മണ്ഡലത്തിൽനിന്നു ജയിച്ച ചൗധരി 1997 മുതൽ 2007 വരെ മണ്ഡലത്തെ പ്രതിനിധീകരിച്ചു.

പഞ്ചാബ് പബ്ലിക് സർവീസ് കമ്മിഷന്‍ അംഗമായിരുന്ന ചൗധരി മോഹൻ 2015 ഒക്ടോബറിൽ ആണു രാജിവച്ചു ബിജെപിയിൽ ചേർന്നത്. ഇദ്ദേഹത്തിന്റെ പിതാവ് ചൗധരി സ്വർണ റാം ബിജെപി നേതാവും പഞ്ചാബിലെ മുൻ മന്ത്രിയുമായിരുന്നു.