Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിപ്റ്റോകറൻസികൾ രാജ്യത്ത് വ്യാപിക്കുന്നു; രാജ്യാന്തര ഇടപാടുകളും തടയാൻ നിർദേശം

Bitcoin

ന്യൂഡൽഹി∙ രാജ്യത്ത് ക്രിപ്റ്റോകറൻസി വഴിയുള്ള ഇടപാടുകൾ വ്യാപകമാണെന്നും നടപടിയെടുക്കണമെന്നും മുന്നറിയിപ്പ്. കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ്(എസ്ഐടി) ഇതു സംബന്ധിച്ച നിർദേശം വിവിധ ഏജൻസികൾക്കു കൈമാറിയത്. രാജ്യാന്തര തലത്തിലുള്ള ഇടപാടുകൾക്കും ക്രിപ്റ്റോകറൻസികൾ വൻതോതിൽ ഉപയോഗിക്കുന്നതായാണ് റിപ്പോർട്ട്.

ബിറ്റ്കോയിനുകൾ പോലുള്ള ക്രിപ്റ്റോകറൻസികൾ നിയമവിരുദ്ധമാണ്. എന്നാല്‍ ഇവയുടെ ഇടപാട് ഇന്റർനെറ്റ് വഴി വ്യാപകമാണ്. ഇതു കണ്ടെത്തി തടയണമെന്ന നിർദേശം കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത ആദായനികുതി വകുപ്പിന്റെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെയും(എൻസിബി) ഉദ്യോഗസ്ഥ തല യോഗത്തിൽ എസ്ഐടി നൽകി. ഇതുസംബന്ധിച്ചു സർക്കാരിനും റിപ്പോർട്ട് സമർപ്പിക്കാനൊരുങ്ങുകയാണ് സംഘം. ക്രിപ്റ്റോകറൻസി നിയന്ത്രിക്കാൻ ശക്തമായ നിയമം കൊണ്ടുവരണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടും.

ലഹരിമരുന്നു കടത്തുമായി ബന്ധപ്പെട്ട് ക്രിപ്റ്റോകറൻസി വഴിയുള്ള ഇടപാടുകൾ കണ്ടെത്തിയ നാലു സംഭവങ്ങൾ ഉണ്ടായതായി എൻസിബി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ രണ്ടു വർഷത്തിനിടെയാണിത്. ബിറ്റ്കോയിൻ ഇടപാടുമായി ബന്ധപ്പെട്ടു രാജ്യവ്യാപകമായി പരിശോധന ശക്തമാക്കിയെന്ന് ആദായനികുതി വകുപ്പും അറിയിച്ചു.  ക്രിപ്റ്റോകറൻസികളുടെ ഉപയോഗം നിയമവിരുദ്ധമാണെന്നും അതുവഴിയുള്ള ഇടപാടുകൾ നിർത്തണമെന്നും ധനമന്ത്രി അരുൺ ജയ്റ്റ്‌ലി രണ്ടു മാസം മുൻപു നിർദേശിച്ചിരുന്നു. 

ഇടപെട്ട് ആർബിഐ

ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോ കറൻസികളിൽ ഇടപാടു നടത്തുന്നവർക്കുമുള്ള സേവനങ്ങൾ ഉടൻ നിർത്തിവയ്ക്കാൻ ബാങ്കുകൾക്കും ആർബിഐ കഴിഞ്ഞ ദിവസം നിർദേശം നൽകി. ക്രിപ്റ്റോ കറൻസികൾ ആധാരമാക്കിയിരിക്കുന്ന സാങ്കേതികവിദ്യ സാമ്പത്തികമേഖലയെ കുടുതൽ മികവുറ്റതാക്കാൻ ഉതകുമെങ്കിലും നിലവിലുള്ള സ്വകാര്യ കറൻസികളിലെ ഇടപാടുകൾ നിക്ഷേപകരുടെ പണത്തിനു സുരക്ഷിതത്വം ഉറപ്പാക്കുന്നില്ലെന്നും ആർബിഐ സൂചിപ്പിച്ചു.

ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ആർബിഐ നിയന്ത്രണത്തിലുള്ള ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ക്രിപ്റ്റോ കറൻസികളിൽ ഇടപാടു നടത്തുന്ന വ്യക്തികളും വ്യാപാരസ്ഥാപനങ്ങളുമായി ഇടപാടു നടത്തുകയോ സേവനങ്ങൾ നൽകുകയോ ചെയ്യരുതെന്നാണ് ആർബിഐ നിർദേശം. നിലവിൽ ഇത്തരം സേവനങ്ങൾ നൽകുന്ന ബാങ്കുകൾക്ക് അവ നിർത്തുന്നതിനു സമയം അനുവദിക്കും. ഇതുസംബന്ധിച്ചു പ്രത്യേകം വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. 

എന്താണ് ക്രിപ്റ്റോകറൻസി?

വാങ്ങുന്നയാൾക്കും വിൽക്കുന്നയാൾക്കും മാത്രം ആറിയാവുന്ന, നിഗൂഢമായ സോഫ്റ്റ്‌വെയർ ഭാഷയിൽ കംപ്യൂട്ടറിൽ സൃഷ്ടിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന യഥാര്‍ഥമല്ലാത്ത നാണയമാണു ബിറ്റ്കോയിൻ. നിഗൂഢമായ കംപ്യൂട്ടർ ഭാഷയിൽ സൃഷ്ടിക്കുകയും സൂക്ഷിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നതിനാലാണ് ഇത്തരം നാണയങ്ങളെ നിഗൂഢത അർഥമാക്കുന്ന തരത്തിൽ ക്രിപ്റ്റോ കറൻസി എന്നു വിശേഷിപ്പിക്കുന്നത്.

ബിറ്റ്കോയിൻപോലെതന്നെ ഈതർ, റിപ്പിൾ, ലൈറ്റ്കോയിൻ തുടങ്ങിയ ക്രിപ്റ്റോ കറൻസികളും പ്രചാരത്തിലുണ്ട്. സാധാരണ കറൻസികളെപ്പോലെ ക്രിപ്റ്റോ കറൻസികൾക്കു ഭൗതിക രൂപമില്ല. ഏതെങ്കിലും രാഷ്ട്രത്തിന്റെയോ കേന്ദ്ര ബാങ്കുകളുടെയോ പിന്തുണയുമില്ല. ഇക്കാരണത്താല്‍ സർക്കാരുകളോ സ്ഥാപനങ്ങളോ ഇതിനു ഗാരന്റി വാഗ്ദാനം ചെയ്യുന്നില്ല. 2016ൽ ജപ്പാനാണ് ആദ്യമായി ബിറ്റ്കോയിൻ എന്ന അയഥാർഥ കറൻസി യഥാർഥ പണവുമായി കൈമാറ്റം ചെയ്യാം എന്നു തീരുമാനിച്ചത്.