Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരവികുളം ദേശീയോദ്യാനം 16 ന് തുറക്കും; പ്രതീക്ഷയോടെ വിനോദസഞ്ചാര മേഖല

Anaimudi

മൂന്നാർ∙ പരീക്ഷാക്കാലം നിശബ്ദമാക്കിയ മൂന്നാറിന്റെ ടൂറിസം മേഖലയ്ക്ക് പ്രതീക്ഷയേകി ഇരവികുളം ദേശീയോദ്യാനം 16 ന് തുറക്കും.രാജമലയിലേക്കുള്ള സന്ദർശക വിലക്ക് മൂലം കഴി‍ഞ്ഞ രണ്ടു മാസങ്ങളിൽ മൂന്നാറിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവിൽ 50 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. വരയാടുകളുടെ പ്രജനന കാലമായ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഭൂരിഭാഗം ടൂർ ഓപ്പറേറ്റർമാരും തങ്ങളുടെ പാക്കേജുകളിൽ നിന്ന് മൂന്നാറിനെ ഒഴിവാക്കുന്നതാണ് ഇതിനു പ്രധാന കാരണം.

പശ്ചിമഘട്ട മലനിരകളിൽ ആനമുടിയുടെ താഴ്‌വരയായ രാജമലയും അവിടത്തെ അപൂർവ കാഴ്ചയായ വരയാടുകളേയും കാണാനാവില്ലെന്നതാണ് ടൂർ ഓപ്പറേറ്റർമാർ തങ്ങളുടെ അതിഥികളെ മറ്റു സ്ഥലങ്ങളിലേക്കു തിരിച്ചു വിടാൻ കാരണം. 16 നു രാജമല ഉൾപ്പെട്ട ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറക്കുന്നതോടെ സഞ്ചാരികളുടെ വരവിൽ കാര്യമായ വർദ്ധനവാണ് ടൂറിസം മേഖല പ്രതീക്ഷിക്കുന്നത്. രാജമലയിൽ പുതിയ സീസൺ തുടങ്ങുന്നതോടെ വശ്യമനോഹരമായ ഭൂപ്രകൃതിക്കൊപ്പം തുള്ളിച്ചാടി നടക്കുന്ന വരയാടിൻ കുട്ടികളും പൂക്കാൻ വെമ്പി നില്ക്കുന്ന നീലക്കുറിഞ്ഞി ചെടികളും സഞ്ചാരികളുടെ മനം കവരും.