ഡേറ്റാ ചോർച്ച: ടെക് ഭീമന്മാരെ നിലയ്ക്കു നിർത്താനുള്ള വഴിയുമായി മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി, മാർക്ക് സക്കർബർഗ്. (ഫയൽ ചിത്രം)

ന്യൂഡൽഹി ∙ 8.7 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതിനു യുഎസ് സെനറ്റ് സമിതി മുമ്പാകെ ഫെയ്സ്ബുക് മേധാവി മാർക്ക് സക്കർബർഗ് മാപ്പ് അപേക്ഷിച്ചതിനു പിന്നാലെ, ഡേറ്റ ചോർച്ചയുമായി ബന്ധപ്പെട്ട് ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉപയോക്താക്കളുടെ വിവരങ്ങൾ കൈമാറുന്ന കാര്യത്തിൽ നിയന്ത്രണം വേണമെന്ന് അദ്ദേഹം കർശന നിർദ്ദേശം നൽകിയതായാണു വിവരം. ഇന്ത്യക്കാരായ ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്ന സെർവറുകൾ ഇന്ത്യയിൽതന്നെ സ്ഥാപിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ സൂക്ഷിക്കുന്ന പ്രമുഖ കമ്പനികളായ ഗൂഗിൾ, ഫെയ്സ്ബുക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയവയുടെ സെർവറുകൾ നിലവിൽ വിദേശരാജ്യങ്ങളിലാണു സ്ഥാപിച്ചിരിക്കുന്നത്. ഇവ ഇന്ത്യൻ നിയമവ്യവസ്ഥയുടെ പരിധിയിൽ കൊണ്ടുവരാനാണു ശ്രമം. ഇതിന് ഈ കമ്പനികളുടെ സെർവറുകൾ ഇന്ത്യയിൽ തന്നെ സ്ഥാപിക്കണമെന്നാണു മോദിയുടെ നിർദ്ദേശം.

കഴിഞ്ഞ ദിവസം നടന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലും ഡേറ്റ ചോർച്ചയുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തിയിരുന്നു. ആവശ്യമായ മുന്‍കരുതൽ സ്വീകരിക്കാനും നടപടികൾ കൈക്കൊള്ളാനും ഐടി വകുപ്പിനു നിർദേശം നൽകിയതായും കേന്ദ്രസർക്കാർ ഉന്നതരെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. മിക്ക കമ്പനികളുടെയും സെർവറുകൾ യഎസിലായതിനാൽ അവിടത്തെ നിയമങ്ങളും മറ്റു ചില രാജ്യാന്തര നിയമങ്ങളുമാണ് ഡേറ്റ കൈമാറ്റവുമായി ബന്ധപ്പെട്ടു പ്രാബല്യത്തിലുള്ളത്. സെർവറുകൾ ഇന്ത്യയിലേക്കു മാറ്റി അവയെ ഇന്ത്യൻ നിയമവ്യവസ്ഥയ്ക്ക് കീഴിലാക്കാനും സുരക്ഷ ഉറപ്പാക്കാനുമാണ് കേന്ദ്രത്തിന്റെ നീക്കം.

അതേസമയം, ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ സുരക്ഷിതമാക്കാൻ കഴിയാഞ്ഞതു തന്റെ തെറ്റാണെന്നും ക്ഷമ ചോദിക്കുന്നുവെന്നും യുഎസ് സെനറ്റിന്റെ നീതിന്യായ–വാണിജ്യ, ശാസ്ത്ര, ഗതാഗത സംയുക്ത സമിതിക്കു മുൻപാകെ മാർക്ക് സക്കർബർഗ് കഴിഞ്ഞ ദിവസം കുറ്റസമ്മതം നടത്തി. വിവരവിശകലന സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്ക ഫെയ്സ്ബുക് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്തു തിരഞ്ഞെടുപ്പുകളിൽ ഉപയോഗിച്ചു എന്നു വെളിപ്പെട്ടതോടെ മൂന്നാഴ്ച മുൻപാണു വിവാദം തുടങ്ങിയത്.