എന്റെ ബുദ്ധിമുട്ട് നിങ്ങൾ മനസ്സിലാക്കണം: ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് ജസ്റ്റിസ് ചെലമേശ്വർ

ന്യൂഡൽഹി∙ തുല്യരിൽ ഒന്നാമനെന്ന നിലയിലുള്ള സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ കർത്തവ്യത്തെ ചോദ്യം ചെയ്യുന്ന ഹർജി പരിഗണിക്കാൻ സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജിമാരിൽ ഒരാളായ ജസ്റ്റിസ് ജെ. ചെലമേശ്വർ വിസമ്മതിച്ചു. ജുഡീഷ്യറിയുടെ ഉന്നതതലത്തിലെ പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലെന്ന സൂചനയായി ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് അദ്ദേഹം നടത്തിയ പ്രസ്താവനകളും വ്യാഖ്യാനിക്കപ്പെടുന്നു. മുൻ നിയമമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ ശാന്തി ഭൂഷണാണ് പൊതുതാൽപര്യ ഹർജിയുമായി രംഗത്തെത്തിയത്.

അതിനിടെ, ചീഫ് ജസ്റ്റിസിന്റെ കർത്തവ്യത്തെ ചോദ്യം ചെയ്തുള്ള പരാതിയായതിനാൽ അദ്ദേഹത്തിന്റെ ബെഞ്ച് അതു കേൾക്കരുതെന്ന അഭ്യർഥന വച്ചതിനാൽ കോടതി റജിസ്റ്ററിൽ ഹർജി ഉൾപ്പെടുത്തിയിട്ടില്ലെന്ന പരാതിയും ശാന്തി ഭൂഷൺ ഉന്നയിച്ചു. ജസ്റ്റിസ് ചെലമേശ്വർ ഹർജി പരിഗണിക്കാൻ വിസമ്മതിച്ചതിനുപിന്നാലെ, ഉചിതമായ ബെഞ്ചിന് ഹർജി കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരന്റെ മകനും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൺ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ ഇടപെടാമെന്ന് ചീഫ് ജസ്റ്റസ് സമ്മതിച്ചിട്ടുണ്ട്.

ജഡ്ജിമാർക്കിടയിൽ കേസുകൾ വീതിച്ചുനൽകുന്ന ചീഫ് ജസ്റ്റിസിന്റെ അധികാരത്തെ ചോദ്യം ചെയ്ത് കഴിഞ്ഞയാഴ്ചയാണ് ശാന്തി ഭൂഷൺ ഹർജി സമർപ്പിച്ചത്. ഹർജികൾ വീതിച്ചു നൽകുന്നതിൽ ചീഫ് ജസ്റ്റിസ് മറ്റു മുതിർന്ന ജഡ്ജിമാരുടെ കൂടി അഭിപ്രായം തേടണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

തന്റെ ഉത്തരവിറങ്ങി 24 മണിക്കൂറിനുള്ളിൽ അതു പിൻവലിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റിസ് ചെലമേശ്വർ ഹർജി പരിഗണിക്കുന്നില്ലെന്നു വ്യക്തമാക്കി അറിയിച്ചു. ‘കുറച്ചു നാളുകൾക്കുള്ളിൽ ഞാൻ വിരമിക്കും. എനിക്കു താങ്കളുടെ പൊതുതാൽപര്യ ഹർജി കേൾക്കാനാകില്ല’ – അദ്ദേഹം വ്യക്തമാക്കി. രണ്ടുമാസത്തിനുള്ളിൽ അദ്ദേഹം വിരമിക്കും. ചില നേട്ടങ്ങൾക്കുവേണ്ടിയാണ് ജസ്റ്റിസ് ചെലമേശ്വർ പലകാര്യങ്ങളും ചെയ്യുന്നതെന്ന പഴി കേൾക്കാതിരിക്കാനാണ് താൻ ഇതു ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്കെതിരെ നിന്ദാപ്രഭാഷണം നടത്താൻ ചിലർ ഒരുങ്ങിയിരിക്കുകയാണ്. ഇതിൽ കൂടുതലൊന്നും എനിക്കു ചെയ്യാനില്ല. എന്റെ ബുദ്ധിമുട്ട് നിങ്ങൾ മനസ്സിലാക്കണം, അദ്ദേഹം ഭൂഷണോടു പറഞ്ഞു.

ചില ജഡ്ജിമാർ ഒരു വിദ്യാഭ്യാസ ട്രസ്റ്റിൽനിന്നു കോഴ വാങ്ങിയെന്ന ആരോപണങ്ങൾ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു വാദം കേൾക്കണമെന്ന കഴിഞ്ഞ നവംബർ ഒൻപതിന് ജസ്റ്റിസ് ചെലമേശ്വർ പുറപ്പെടുവിച്ച വിധി പിറ്റേ ദിവസം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് പിൻവലിച്ചിരുന്നു. ഇക്കാര്യമാണ് ജസ്റ്റിസ് ചെലമേശ്വർ പരാമർശിച്ചത്. .