അന്തസ്സും ബഹുമാനവും താഴേക്ക്; സുപ്രീംകോടതി നിലനിൽപ്പ് ഭീഷണിയിൽ: ജ. കുര്യൻ ജോസഫ്

ജസ്റ്റിസ് കുര്യൻ ജോസഫ്.

ന്യൂ‍ഡൽഹി∙ സുപ്രീംകോടതിയുടെ നിലനിൽപ്പുതന്നെ ഭീഷണിയിലാണെന്നും ഇങ്ങനെ തുടർന്നാൽ ചരിത്രം മാപ്പുതരില്ലെന്നും ജസ്റ്റിസ് കുര്യൻ ജോസഫ്. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മലയാളി കെ.എം.ജോസഫിന്റെയും അഭിഭാഷക ഇന്ദു മൽഹോത്രയുടെയും നിയമനം അംഗീകരിക്കണമെന്നു കുര്യൻ ജോസഫ് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കയച്ച കത്തിലാണു കുര്യൻ ജോസഫ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

കെ.എം.ജോസഫിനെയും ഇന്ദു മൽഹോത്രയേയും സുപ്രീംകോടതി ജ‍ഡ്ജിമാരായി ഉയർത്താൻ കൊളീജിയം തീരുമാനിച്ചിരുന്നു. എന്നാൽ ഇതിൽ അന്തിമ തീരുമാനമെടുക്കാൻ കേന്ദ്രസർക്കാർ തയാറായില്ല. സുപ്രീംകോടതിയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും മൂന്നുമാസത്തിനുശേഷവും കോടതിയുടെ ശുപാർശയിലെ തീരുമാനമെന്താണെന്നു അന്വേഷിക്കാതിരിക്കുന്നത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഏഴംഗ ജഡ്ജിമാരുടെ ബെഞ്ച് രൂപീകരിക്കണം. അല്ലെങ്കിൽ വിഷയത്തിൽ കോടതി സ്വമേധയാ ഇടപെടണം. സാധാരണ പ്രസവം നടന്നില്ലെങ്കിൽ സിസേറിയൻ തന്നെയാണ് ഏറ്റവും ഉചിതമായ നടപടി. അല്ലെങ്കിൽ കു‍ഞ്ഞിന്റെ ജീവൻ നഷ്ടപ്പെടാമെന്നും കുര്യൻ ജോസഫ് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

സ്വന്തം ജഡ്ജിമാരുടെ കാര്യത്തിൽ പോലും തീരുമാനമെടുക്കാൻ കഴിയാത്ത സുപ്രീംകോടതിയുടെ അന്തസ്സും ബഹുമാനവും ദിനംപ്രതി താഴേക്കു കൂപ്പുകുത്തുകയാണെന്നും കുര്യൻ ജോസഫ് ആരോപിക്കുന്നു. സുപ്രീംകോടതിയിലെ 22 ജഡ്ജിമാർക്കും കത്തിന്റെ പകർപ്പ് അയച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മഥൻ ലോകൂർ, കുര്യൻ ജോസഫ് എന്നിവരാണ് നിലവിലെ സുപ്രീംകോടതി കൊളീജിയം.