കസ്റ്റഡി മരണം: ശ്രീജിത്തിന്റെ കുടൽ വിട്ടുപോകാറായ നിലയിൽ; ജനനേന്ദ്രിയത്തിൽ രക്തം കട്ട പിടിച്ചു

ശ്രീജിത്ത്.

കൊച്ചി∙ പൊലീസ് കസ്റ്റഡിയിൽ മരിച്ച വരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ ചെറുകുടൽ മുറിഞ്ഞു വിട്ടു പോകാറായ നിലയിലായിരുന്നുവെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ദേഹമാകെ ചതവുകളുണ്ടായിരുന്നു. ഇക്കൂട്ടത്തിൽ മർദനമേറ്റാലുണ്ടാകുന്ന പരുക്കുകളുമുണ്ട്. ജനനേന്ദ്രിയത്തിനു ഗുരുതരമായ പരുക്കു പറ്റി ഉള്ളിൽ രക്തം കട്ട പിടിച്ച നിലയിലായിരുന്നു. അടിവയറ്റിൽ ശക്തമായ ക്ഷതമേറ്റിരുന്നു. വൃക്കകളുടെ പ്രവർത്തനം തകരാറിലായതോടെ ആന്തരിക അവയവങ്ങളിൽ അണുബാധ ഏൽക്കുകയും ചെയ്തെന്നു റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് അന്വേഷണ സംഘത്തിനു കൈമാറി. 

സസ്പെൻഷൻ തുടരുന്നു

അതിനിടെ, വരാപ്പുഴ പൊലീസ് കസ്റ്റഡി മരണക്കേസിൽ നോർത്ത് പറവൂർ സിഐ ക്രിസ്പിൻ സാം, വരാപ്പുഴ എസ്ഐ ദീപക്, ഗ്രേഡ് എഎസ്ഐ സുധീർ, സീനിയർ സിപിഒ സന്തോഷ് ബേബി എന്നിവരെ സസ്പെൻഡ് ചെയ്തു. ഐജി എസ്. ശ്രീജിത്ത് ഡിജിപിക്കു നൽകിയ പ്രാഥമിക റിപ്പോർട്ടിനെത്തുടർന്നാണു നടപടി. ശ്രീജിത്തിനെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്ത റൂറൽ ടൈഗർ ഫോഴ്സിലെ മൂന്നു പൊലീസുകാരെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു.

ലോകായുക്തയിൽ പരാതി

വരാപ്പുഴയിലെ ശ്രീജിത്തിന്റെ മരണം കൊലപാതകം ആണെന്ന് ആരോപിച്ചു പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ലോകായുക്തയിൽ പരാതി.  എറണാകുളം കുന്നത്തുനാടു സ്വദേശി എം.വി.ഏലിയാസാണു പരാതി നൽകിയത്. ഇതു പരിഗണിച്ച ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റിസ് കെ.പി.ബാലചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരാതി ഫയലിൽ സ്വീകരിച്ചു. എതിർകക്ഷികളായ എ.വി.ജോർജ്, ദീപക്, ജിതിൻ രാജ്, സന്തോഷ് കുമാർ, സുമേഷ് എന്നിവർക്ക് നോട്ടിസ് അയച്ചു.