കർണാടകയിൽ വോട്ടുവിഹിതം വർധിപ്പിക്കാൻ ബിജെപി; കോൺഗ്രസ് വലിയ ഒറ്റക്കക്ഷി

ബെംഗളൂരു∙ കർണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പിനായുള്ള പോരുമുറുകുന്നതിനിടെ ഇന്ത്യ ടുഡേ – കർവി അഭിപ്രായസർവേ ഫലങ്ങൾ പുറത്ത്. കർണാടകയിൽ ഒരു പാർട്ടിക്കും കേവലഭൂരിപക്ഷം ലഭിക്കില്ലെന്ന് സർവേ പറയുന്നു. 225 അംഗസഭയിൽ 224 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പു നടക്കുന്നത്. 112 സീറ്റുകളാണ് അധികാരമേറ്റെടുക്കാൻ ആവശ്യമായ കേവലഭൂരിപക്ഷം.

നിലവിലെ ഭരണകക്ഷിയായ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെങ്കിലും അധികാരത്തിൽ എത്തില്ലെന്ന് സർവേ വ്യക്തമാക്കുന്നു. 90 – 101 സീറ്റുകളാണ് കോൺഗ്രസിനു ലഭിക്കുകയെന്നാണു പ്രവചനം. ബിജെപിക്ക് 78 – 86 സീറ്റുകളാകും ലഭിക്കുകയെന്നും സർവേയിൽ പറയുന്നു. എച്ച്.ഡി.ദേവെ ഗൗഡയുടെ ജനതാദൾ സെക്കുലറായിരിക്കും കിങ് മേക്കർ. 34 – 43 സീറ്റുകളാണ് ജെഡിഎസ് – ബിഎസ്പി സഖ്യത്തിനു കിട്ടുകയെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.

കോൺഗ്രസിനു 37 ശതമാവും ബിജെപിക്ക് 35 ശതമാനവും ജെഡിഎസ് – ബിഎസ്പിക്ക് 19 ശതമാനവും വോട്ടുകളാണു ലഭിക്കുക. കർണാടകയില്‍ കോൺഗ്രസിനു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ട് ശതമാനത്തൽ കുറവുവരുമ്പോൾ ബിജെപിക്കു നേട്ടമുണ്ടാകും. നിലവിൽ കോൺഗ്രസിന് 122 ഉം ബിജെപിക്ക് 43 ഉം ജെഡിഎസിന് 29 ഉം സീറ്റുകളാണുള്ളത്. ഒരു മാസം മുൻപു നടത്തിയ അഭിപ്രായ സർവേയുടെ ഫലമാണിപ്പോൾ പുറത്തുവന്നത്.