‘അടി’തെറ്റിച്ച് പൊലീസ്; ‘കാഴ്ചക്കാരായി’ പൊലീസ് കംപ്ലെയ്ന്റ്സ് അതോറിറ്റി

കേരള പൊലീസ് (ഫയൽ ചിത്രം)

തിരുവനന്തപുരം∙ പൊലീസ് അതിരുവിടുമ്പോഴും നടപടിയെടുക്കാന്‍ അധികാരമില്ലാതെ സംസ്ഥാന പൊലീസ് കംപ്ലെയ്ന്റ്സ് അതോറിറ്റി. പൊലീസ് അതിക്രമങ്ങളെ സംബന്ധിച്ച പരാതികളില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയും ക്രിമിനല്‍ നടപടിയും സ്വീകരിക്കണമെന്നു നിര്‍ദേശിക്കാന്‍ മാത്രമേ അതോറിറ്റിക്ക് അധികാരമുള്ളൂ. ശിക്ഷ നടപ്പിലാക്കാനുള്ള അധികാരമില്ല. കമ്മിഷന്റെ പ്രവര്‍ത്തനം ഫലപ്രദമായി നടക്കുന്നതിനാവശ്യമായ ചട്ടങ്ങളുമില്ല. ജസ്റ്റിസ് വി.കെ. മോഹനന്‍ സംസ്ഥാന പൊലീസ് കംപ്ലെയ്ന്റ്സ് അതോറിറ്റി അധ്യക്ഷനായശേഷം കഴിഞ്ഞ മാസമാണ് ചട്ടങ്ങളുടെ കരട് നിയമവകുപ്പിന് അയച്ചത്.

രൂപീകരിച്ച് പതിനൊന്നു വര്‍ഷം കഴിയുമ്പോഴും ശൈശവാവസ്ഥയിലാണ് അതോറിറ്റി പ്രവര്‍ത്തനം. വേണ്ടത്ര ജീവനക്കാരില്ല. സംസ്ഥാന അതോറിറ്റിക്ക് ലഭിക്കുന്ന പരാതികളിലേറെയും അവരുടെ അധികാരപരിധിക്ക് പുറത്തുള്ളതും വിചിത്രവുമാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2007ലാണ് അതോറിറ്റി രൂപീകരിക്കുന്നത്. കേരള പൊലീസ് ആക്ട് (1960 ) സെക്‌ഷന്‍ 17 ഇ അനുസരിച്ചാണ് അതോറിറ്റിയുടെ പ്രവര്‍ത്തനം.

കസ്റ്റഡി മര്‍ദനം, ലൈംഗിക അതിക്രമം, മാനഭംഗം, ക്രൂരമായ മര്‍ദനം തുടങ്ങിയ കുറ്റകൃത്യങ്ങളെ സംബന്ധിച്ച പരാതികളിലാണ് സംസ്ഥാന തലത്തില്‍ അതോറിറ്റി നടപടിയെടുക്കേണ്ടത്. ജില്ലകളിലെ പരാതികള്‍ പരിശോധിക്കാന്‍ ജില്ലാ അതോറിറ്റിയുണ്ട്. പരാതി ലഭിച്ചാല്‍ ആഭ്യന്തരവകുപ്പിനോട് അതോറിറ്റി റിപ്പോര്‍ട്ട് ആവശ്യപ്പെടും. ഉദ്യോഗസ്ഥന്‍ കുറ്റക്കാരനാണെന്നു കണ്ടാല്‍ വകുപ്പുതല നടപടിക്കും ക്രിമിനല്‍ നടപടിക്കും ശുപാര്‍ശ ചെയ്യും. സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന കേസായതിനാല്‍ ക്രിമിനല്‍ നടപടികളിലേക്ക് സാധാരണ രീതിയില്‍ പൊലീസ് വകുപ്പ് കടക്കില്ല. ചെറിയ നടപടികളില്‍ ശിക്ഷ ഒതുക്കും. നടപടിയെടുക്കാതിരുന്നാലും ഒന്നും ചെയ്യാന്‍ അതോറിറ്റിക്ക് കഴിയില്ല.

അതോറിറ്റിയുടെ അധികാരത്തെക്കുറിച്ച് പൊതുജനത്തിന് ധാരണയില്ലാത്തതും പ്രശ്നമാണ്. ലഭിക്കുന്ന പരാതികളിലേറെയും അതോറിറ്റിയുടെ അധികാര പരിധിയില്‍ വരുന്നതല്ല. കഴിഞ്ഞയാഴ്ച ലഭിച്ച ഒരു പരാതി ഉദാഹരണം: ഭാര്യയും ഭര്‍ത്താവും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. ഇവരുടെ വീട്ടിലെ മനോദൗര്‍ബല്യമുള്ള വയോധികന്‍ അടുത്തവീട്ടിലെ ടാങ്കിലെ പൈപ്പ് കേടുവരുത്തി. അയല്‍ക്കാര്‍ സ്റ്റേഷനില്‍ കേസു കൊടുത്തു. പരാതിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ലോക്കപ്പിനു മുന്നിലെ ഇടനാഴിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ തന്നെ നിര്‍ത്തി അപമാനിച്ചു എന്നാണ് സംസ്ഥാന പൊലീസ് കംപ്ലെയ്ന്റ്സ് അതോറിറ്റിക്കു ലഭിച്ച പരാതി. ഇത്തരം പരാതികളാണ് അധികവും ലഭിക്കുന്നത്.

‘ചിലര്‍ പരാതി കത്തായി അയയ്ക്കും. ബന്ധപ്പെടേണ്ട വിലാസം പോലും കൃത്യമായിരിക്കില്ല. ഓഫിസില്‍വന്ന് പരാതിപ്പെടാന്‍ മിക്കവരും തയ്യാറല്ല ’ - പൊലീസ് കംപ്ലെയ്ന്റ്സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് വി.കെ. മോഹനന്‍ മനോരമ ഓണ്‍ലൈനോട് പറഞ്ഞു. പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള ചട്ടങ്ങളുടെ കരട് നിയമവകുപ്പിന് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.