നിരീക്ഷണ ക്യാമറ ഉടനെത്തും; പൊലീസ് സ്റ്റേഷനുകളിൽ ഇനി എല്ലാം സുതാര്യം

കണ്ണൂർ ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ സ്ഥാപിക്കുന്ന ട്രാഫിക് പൊലീസുകാർക്കുള്ള ബോഡി ക്യാമറകളുടെ ഉദ്ഘാടനം നിർവഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. ചിത്രം: എം.ടി. വിധുരാജ്

തിരുവനന്തപുരം∙ സംസ്ഥാനത്തെ ലോക്കപ്പുള്ള 471 പൊലീസ് സ്റ്റേഷനുകളിൽ രണ്ടു ദിവസത്തിനകം ഒരു സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നു സംസ്ഥാന പൊലീസ് മേധാവി എല്ലാ സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും നിർദ്ദേശം നൽകി. വാരാപ്പുഴ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ വിമർശനത്തിന്റെ അടിസ്ഥാനത്തിലാണിത്. അതേസമയം, കസ്റ്റഡിയിൽ ആളുകളെ പീഡിപ്പിച്ചതിന്റെ പേരിൽ നടപടിക്കു വിധേയരാകുന്ന ഉദ്യോഗസ്ഥരെ റേഞ്ച് ഐജിയുടെയോ ഡിജിപിയുടെയോ രേഖാമൂലമുള്ള അനുമതിയില്ലാതെ സർവീസിൽ തിരിച്ചെടുക്കരുതെന്ന് അദ്ദേഹം മറ്റൊരു സർക്കുലറിൽ നിർദ്ദേശിച്ചു.

ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ വേണം അടിയന്തരമായി ക്യാമറ സ്ഥാപിക്കേണ്ടത്. ക്യാമറ സ്ഥാപിച്ചു കഴിഞ്ഞു ബില്ല് ജില്ലാ പൊലീസ് നൽകിയാൽ പണം നൽകും. ഈ ക്യാമറ ദൃശ്യങ്ങൾ സ്റ്റേഷനിലെ കംപ്യൂട്ടർ വഴി റിക്കോർഡ് ചെയ്യണം. എല്ലാ ആഴ്ചയും ഈ സിഡിയിൽ റിക്കോർഡ് ചെയ്തു സൂക്ഷിക്കണമെന്നും ഡിജിപി വ്യക്തമാക്കി. വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടും ജനങ്ങളോടുള്ള മോശം പെരുമാറ്റത്തിലൂടെയും പൊലീസ് പ്രതിസ്ഥാനത്തായതോടെയാണ് സ്റ്റേഷനുകളിൽ നടക്കുന്ന ദൈനംദിന കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള തീരുമാനം.

സംസ്ഥാനത്താകെ 527 പൊലീസ് സ്റ്റേഷനുകളുണ്ട്. ഇതിൽ എട്ടു സ്റ്റേഷനുകളിൽ വനിതാ ഉദ്യോഗസ്ഥർ മാത്രമാണ്. അതേസമയം, പണം നൽകാതെ ക്യാമറ സ്ഥാപിക്കാൻ നിർദ്ദേശിച്ചതു വ്യാപക അഴിമതിക്ക് ഇടയാക്കുമെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. 5000 രൂപ വരെ വിലയുള്ള ക്യാമറ ഡീലർമാരെ വിരട്ടി സ്ഥാപിക്കേണ്ടി വരും. പൊലീസിന് ഇത്തരത്തിൽ നൽകുന്ന ചെയ്തു നൽകുന്ന ഒരു കാര്യത്തിനും മുകളിൽനിന്നു ഫണ്ട് നൽകിയാലും ഡീലർക്കു കൈമാറാറില്ല. നിലവിൽ സംസ്ഥാനത്തെ 110 സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ പൊലീസുകാർ ഇത് എപ്പോഴും ഓഫാക്കി വയ്ക്കും. മേലുദ്യോഗസ്ഥർ ദൃശ്യങ്ങൾ പരിശോധിക്കാറുമില്ല.

ഇതിനു പുറമെ 279 പൊലീസ് സ്റ്റേഷനുകളിൽ നൂതന നിരീക്ഷണ ക്യാമറാ സംവിധാനം ഏർപ്പെടുത്താൻ ഡിജിപി തീരുമാനിച്ചിട്ടുണ്ട്. മൂന്നു മാസത്തിനകം ഇതു സ്ഥാപിക്കും. മേലുദ്യോഗസ്ഥർക്കു മൊബൈൽ ഫോണിലൂടെയോ കംപ്യൂട്ടറിലൂടെയോ ഈ സ്റ്റേഷനുകളിലെ ദൃശ്യങ്ങൾ കാണാനും അവസരമുണ്ടാകും. നേരത്തെ, ഒരു പ്രത്യേക കമ്പനിയുടെ ഒരേ നിറത്തിലുള്ള പെയിന്റ് എല്ലാ സ്റ്റേഷനിലും അടിക്കണമെന്ന് ഉത്തരവിട്ടതു പോലെ ഒരു പ്രത്യേക കമ്പനിയുടെ നിരീക്ഷണ ക്യാമറകളാണ് ഈ സ്റ്റേഷനുകളിൽ സ്ഥാപിക്കുന്നത്. ഇവർക്കു ടെണ്ടർ ലഭിക്കുന്ന തരത്തിലാണു പൊലീസ് ആസ്ഥാനത്തു നിബന്ധനകളും തയാറാക്കിയത്. പൊലീസ് നവീകരണ ഫണ്ടിൽനിന്നു ലക്ഷങ്ങളാണ് ഇതിനായി ചെലവിടുന്നത്. ഇതു സ്ഥാപിക്കുന്നതോടെ ഇപ്പോൾ ഈ സ്റ്റേഷനുകളിൽ സ്ഥാപിച്ച താൽകാലിക സംവിധാനം ഉപയോഗശൂന്യമാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

അതിനിടെ, കസ്റ്റഡി പീഡനത്തിന്റെ പേരിൽ നടപടി നേരിടുന്ന ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാൻ റേഞ്ച് ഐജിയുടെയോ ഡിജിപിയുടെയോ രേഖാമൂലമുള്ള അനുമതി വേണമെന്നു മറ്റൊരു സർക്കുലറിൽ ലോക്നാഥ് ബെഹ്റ നിർദ്ദേശിച്ചു. മുൻപു കസ്റ്റഡി പീഡനത്തിന്റെ പേരിൽ സസ്പെൻഷനോ അച്ചടക്ക നടപടിയോ നേരിട്ട ഉദ്യോഗസ്ഥരെ വിവാദം തണുക്കുമ്പോൾ രഹസ്യമായി സർവീസിൽ തിരിച്ചെടുക്കുന്നതു പതിവാണ്. അവരുടെ പേരിലെ കേസും തേച്ചുമാച്ചു കളയും. സിബിഐ ഏറ്റെടുത്ത കേസുകളല്ലാത്ത മിക്ക കസ്റ്റഡി മരണവും ഇത്തരത്തിൽ കേരള പൊലീസ് അട്ടിമറിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണു വാരാപ്പുഴ കേസിലെ ഉദ്യോഗസ്ഥരെ മുൻനിർത്തി ഡിജിപി ഇത്തരം സർക്കുലർ പുറപ്പെടുവിച്ചത്.