വാട്സാപ് ഹർത്താൽ കണ്ണുതുറപ്പിച്ചു: സ്റ്റേഷനുകളില്‍ സൈബർ കുറ്റങ്ങൾക്ക് പ്രത്യേക അന്വേഷണ സംഘം

ലോക്നാഥ് ബെഹ്‍റ

തിരുവനന്തപുരം∙ സംസ്ഥാനത്തു സൈബർ കുറ്റകൃത്യങ്ങൾ ഫലപ്രദമായി നിയന്ത്രിക്കുന്നതിനും കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനും കൂടുതൽ പൊലീസുദ്യോഗസ്ഥർക്കു പരിശീലനം നൽകി നിയോഗിക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇതിന്റെ ഭാഗമായി വിവിധ വിഷയങ്ങളെ ആസ‌്പദമാക്കി ഓരോ പൊലീസ് സ്റ്റേഷനിലെയും മൂന്നു പേർക്കു പരിശീലനം നൽകി സ്റ്റേഷനുകളിൽ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ സെൽ രൂപീകരിക്കും.

സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതിനും പ്രാഥമികാന്വേഷണം നടത്തുന്നതിനും സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളെയും പ്രാപ്തരാക്കുക എന്നതാണു ലക്ഷ്യമെന്നും ബെഹ്റ അറിയിച്ചു. അടുത്തിടെ സമൂഹ മാധ്യങ്ങളിലുടെ പ്രചരിച്ച അപ്രഖ്യാപിത ഹർത്താലിന്റെ ഗൗരവം മുൻകൂട്ടി അറിയുന്നതിൽ ഇന്റലിജൻസിനു വീഴ്ച വന്ന പശ്ചാത്തലത്തിലാണു പൊലീസ് സ്റ്റേഷനുകളെ സ്വയം പര്യാപ്തമാക്കുന്ന നടപടി തുടങ്ങിയത്.

തിരുവനന്തപുരത്തു സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇപ്പോൾ നിലവിലുണ്ട്. ഇതോടൊപ്പം എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകൾ പുതുതായി ആരംഭിക്കും. ഇതോടൊപ്പമാണു പൊലീസ് സ്റ്റേഷനുകളിൽ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ സെല്ലുകൾ രൂപീകരിക്കുന്നത്. തുടക്കമെന്ന നിലയിൽ ജില്ലാ സൈബർ സെല്ലുകളിലെ രണ്ടുപേരെ വീതം ഉൾപ്പെടുത്തി പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ വിദഗ്ധരുടെ സഹായത്തോടെ ബോധവൽക്കരണ പരിപാടി നടത്തും. പരിശീലനം ലഭിച്ച ജില്ലാ സൈബർ സെൽ പ്രതിനിധികൾ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ അവരവരുടെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനിൽനിന്നുള്ള പ്രതിനിധികൾക്കു തുടർപരിശീലനം നൽകും.

വിവിധ ഐടി ഉപകരണങ്ങൾ പരിചയപ്പെടൽ, ഡിജിറ്റൽ തെളിവുകൾ, ഹാർഡ് ഡിസ്കിലെ വിവരങ്ങൾ ശേഖരിക്കൽ, സിഡിആർ അനാലിസിസ്, സൈബർ ക്രൈം കേസുകളിൽ എഫ്ഐആർ തയാറാക്കൽ, സാമൂഹമാധ്യമങ്ങളെ സംബന്ധിച്ചുള്ള അന്വേഷണം, മൊബൈൽ ഫോൺ മുഖേനയുള്ള തെളിവു ശേഖരിക്കൽ തുടങ്ങിയവയും മറ്റു വിവിധ സൈബർ വിഷയങ്ങളെ സംബന്ധിച്ചുമുള്ള പരിശീലനമാണു ക്രമീകരിച്ചിരിക്കുന്നത്. എല്ലാ സ്റ്റേഷനിലെയും സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനാവശ്യമായ ബോധവൽക്കരണം നൽകും. പൊലീസ് സ്റ്റേഷൻ തലത്തിലുള്ള സൈബർ സെല്ലുകൾക്ക് ആവശ്യമായ ഉപകരണ സംവിധാനങ്ങൾ നൽകുന്നതിനും ജില്ലാ മേധാവിമാർക്കു നിർദേശം നൽകിയിട്ടുണ്ടെന്നു ബെഹ്റ അറിയിച്ചു.