മോശം പെരുമാറ്റവും മൂന്നാം മുറയും പൊലീസ് കർശനമായി തടയണം: ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം∙ ജനങ്ങളോടുള്ള മോശം പെരുമാറ്റവും മൂന്നാം മുറയും കർശനമായി തടയണമെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഭൂരിപക്ഷം പൊലീസ് ഉദ്ദ്യോഗസ്ഥരും നല്ല രീതിയിൽ പ്രവർത്തിക്കുന്നവരാണ്. എന്നാൽ ഏതാനും പേരുടെ മോശം പെരുമാറ്റം പൊലീസ് ചെയ്യുന്ന നല്ല കാര്യങ്ങളുടെ ശോഭ കെടുത്തുന്നു. മോശം പെരുമാറ്റം കണ്ടാൽ കർശന നടപടി സ്വീകരിക്കണം. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടു അറസ്റ്റ് നടത്തുന്നതു സുപ്രീംകോടതി നിർദ്ദേശങ്ങൾ പാലിച്ചായിരിക്കണം. ‍‍

കസ്റ്റഡിയിൽ എടുക്കുന്നവരുടെ അസുഖം, കഴിക്കുന്ന മരുന്നുകൾ എന്നിവ ചോദിച്ചറിയണം. കാലാകാലങ്ങളിൽ നിർദ്ദേശിക്കുന്ന ഉത്തരവുകളും, സർക്കുലറുകളും താഴെത്തട്ടിൽ വരെ എത്തുന്നു എന്ന്് ഉറപ്പാക്കുന്നതിനു സ്റ്റേഷൻ ഹൗസ് ഓഫിസർമാർ പോലീസുദ്യോഗസ്ഥരുമായി പ്രതിമാസ യോഗം സംഘടിപ്പിക്കണമെന്നും ബെഹ്റ നിർദ്ദേശിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ വിഡിയോ കോൺഫറൻസിലായിരുന്നു ഈ നിർദ്ദേശം.

സംസ്ഥനത്തു സമാധാനന്തരീക്ഷത്തിനും മത സൗഹാർദ്ദത്തിനും എതിരെയുള്ള നീക്കത്തെ ശക്തമായി നേരിടണം. സമൂഹ മാധ്യമങ്ങളെ ഇക്കാര്യത്തിൽ ദുരുപയോഗം ചെയ്യുന്നതു തടയാൻ സംസ്ഥാനതലത്തിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജില്ലാതലങ്ങളിലും ഇതിനുള്ള നടപടി വേണം. ചില ജില്ലകളിൽ ട്രാഫിക് അപകടങ്ങൾ വർദ്ധിക്കുന്നു. അപകടങ്ങൾ കുറയ്ക്കാൻ നിയമനടപടിയും പരിശോധനയും കാര്യക്ഷമമാക്കണം. പരിശോധനാവേളയിൽ ജനങ്ങളോടു മാന്യമായി പെരുമാറണം. സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കു നേതൃശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പരിശീലനം നൽകുമെന്നും 100 സ്റ്റേഷനുകൾ ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ സ്മാർട്ട്് സ്റ്റേഷനുകളാക്കുമെന്നും ബെഹ്റ യോഗത്തിൽ പറഞ്ഞു.

ഡിജിപി എൻ. ശങ്കർ റെഡ്ഡി, എഡിജിപിമാരായ ബി. സന്ധ്യ, അനിൽകാന്ത്, ടി.കെ. വിനോദ് കുമാർ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.