ലോയ കേസിലെ വിധി: കോൺഗ്രസ് മാപ്പു പറയണമെന്ന് കുമ്മനം

ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ

തിരുവനന്തപുരം∙ ജസ്റ്റിസ് ലോയയുടെ മരണത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യമില്ലെന്ന സുപ്രീം കോടതി വിധി, കോടതിമുറികളെ രാഷ്ട്രീയ നാടകങ്ങൾക്ക് ഉപയോഗിക്കാനുള്ള കോൺഗ്രസ് ശ്രമത്തിനേറ്റ തിരിച്ചടിയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. 

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ ഏതുവിധേനയും താറടിച്ചു കാണിക്കാൻ കോൺഗ്രസ് നേതൃത്വം ഒരു കൂട്ടം അഭിഭാഷകരെയും കൂട്ടുപിടിച്ചു നടത്തിയ രാഷ്ട്രീയ കുടിലതക്കേറ്റ തിരിച്ചടിയാണ് ഈ വിധി. ഇന്ത്യൻ നീതിന്യായവ്യവസ്ഥയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണു ഹർജിയെന്നും സുപ്രീം കോടതിയുടെ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ജനങ്ങളോടു മാപ്പു പറയാൻ രാഹുൽ ഗാന്ധി തയ്യാറാകണമെന്നും കുമ്മനം വ്യക്തമാക്കി.