വിവാദമായി ബിജെപി നേതാവിന്റെ ‘കിടക്ക പങ്കിടൽ’ പോസ്റ്റ്; ഒടുവിൽ മാപ്പ്

ബിജെപി നേതാവ് എസ്.വി.ശേഖർ വെങ്കട്ടരാമൻ. ചിത്രം: ഫെയ്സ്ബുക്

ചെന്നൈ∙ തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിത് ‘ദ് വീക്ക്’ സ്പെഷൽ കറസ്പോണ്ടന്റ് ലക്ഷ്മി സുബ്രഹ്മണ്യന്റെ കവിളിൽ തട്ടിയ സംഭവത്തിൽ, വിവാദ ഫെയ്സ്ബുക് പോസ്റ്റുമായി ബിജെപി നേതാവ്. നടനും തിരക്കഥാകൃത്തുമായ എസ്.വി.ശേഖർ വെങ്കട്ടരാമനാണു പ്രകോപനപരമായ പോസ്റ്റ് ഷെയർ ചെയ്തത്. വിവാദമായതിനു പിന്നാലെ ഇയാൾ പോസ്റ്റ് പിൻവലിച്ച് മാപ്പുപറഞ്ഞു.

‘അടുത്തിടെ ഉയര്‍ന്ന പരാതികള്‍ സൂചിപ്പിക്കുന്നത്, വലിയ ആളുകൾക്കൊപ്പം കിടക്ക പങ്കിടാതെ അവര്‍ക്കു റിപ്പോര്‍ട്ടര്‍മാരോ അവതാരകരോ ആകാന്‍ സാധിക്കില്ലെന്നാണ്. വിദ്യാഭ്യാസമില്ലാത്ത വൃത്തികെട്ട വിഡ്ഢികൾ. തമിഴ്‌നാട്ടിലെ മാധ്യമരംഗത്ത് ഇത്തരക്കാർ കൂടുതലാണ്. ഈ സ്ത്രീയും അക്കൂട്ടത്തിൽപ്പെട്ടതാണ്. സര്‍വകലാശാലകളേക്കാള്‍ കൂടുതലായി ലൈംഗിക ചൂഷണങ്ങള്‍ നടക്കുന്നതു മാധ്യമ മേഖലയിലാണ്. എന്നിട്ടാണ് അവർ ഗവര്‍ണറെ ചോദ്യം ചെയ്യുന്നത്’– ശേഖർ വെങ്കട്ടരാമൻ ഷെയർ ചെയ്ത പോസ്റ്റില്‍ പറയുന്നു.

മാധ്യമപ്രവര്‍ത്തകയെ സ്പര്‍ശിച്ചതിനു ഗവര്‍ണര്‍ ഫിനൈല്‍ കൊണ്ടു കൈകഴുകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഗവര്‍ണറെയും അപകീർത്തിപ്പെടുത്തുകയായിരുന്നു മാധ്യമപ്രവർത്തകയുടെ ലക്ഷ്യമെന്നും കുറിപ്പില്‍ ആരോപിച്ചു. വിവാദമായതോടെ എഫ്ബി പേജില്‍നിന്ന് വെങ്കട്ടരാമന്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു.

നേരത്തേ, വിഷയത്തിൽ തമിഴ്നാട് ഗവർണർ ക്ഷമ ചോദിച്ചിരുന്നു. മികച്ച ചോദ്യം ചോദിച്ചതിനുള്ള അഭിനന്ദനമെന്ന രീതിയിലാണു കവിളിൽ തട്ടിയതെന്നും അതു തന്റെ കൊച്ചുമകളെ എന്നതുപോലെ പരിഗണിച്ചാണെന്നുമാണു ലക്ഷ്മിക്കയച്ച കത്തിൽ പുരോഹിത് പറയുന്നത്. വിശദീകരണത്തിൽ തൃപ്തയല്ലെങ്കിലും ഗവർണറുടെ മാപ്പപേക്ഷ അംഗീകരിക്കുന്നതായി ലക്ഷ്മി പറഞ്ഞു.