സ്ത്രീകളെപ്പറ്റി മോദി കൂടുതൽ സംസാരിക്കണം, സുരക്ഷയൊരുക്കണം: ഐഎംഎഫ് മേധാവി

രാജ്യാന്തര നാണ്യനിധി മേധാവി ക്രിസ്റ്റിൻ ലഗാർദെ, പ്രധാനമന്ത്രി നരേന്ദ്ര മോദി (ഫയൽചിത്രം).

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ഇന്ത്യൻ അധികാരികൾ സ്ത്രീ സുരക്ഷയ്ക്കു കൂടുതൽ പ്രധാന്യം കൊടുക്കണമെന്നു രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) മേധാവി ക്രിസ്റ്റിൻ ലഗാർദെ. കഠ്‍വ, ഉന്നാവ് സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഐഎംഎഫ് മേധാവിയുടെ അഭിപ്രായപ്രകടനം.

രാജ്യത്തെ സ്ത്രീകളുടെ അവസ്ഥയെ കുറിച്ചു നാലു മാസത്തിനിടെ രണ്ടാം തവണയാണു ലഗാർദെ പ്രധാനമന്ത്രി മോദിയോടു ചൂണ്ടിക്കാട്ടുന്നത്. വാഷിങ്ടനില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവർ. ‘അദ്ദേഹത്തിന് ഇതിൽക്കൂടുതൽ ചെയ്യാനാകുമെന്നാണു പ്രതീക്ഷ. ഇന്ത്യയിലെ പെൺകുട്ടികളെപ്പറ്റിയും സ്ത്രീകളെപ്പറ്റിയും മോദി കൂടുതൽ സംസാരിക്കണം. സ്ത്രീകൾ മെച്ചപ്പെട്ടാൽ മാത്രമേ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയും നന്നാകൂ’– ലഗാർദെ പറഞ്ഞു.

‘അറപ്പുളവാക്കുന്ന സംഭവമാണ് ഇന്ത്യയില്‍ നടന്നത്. ഇന്ത്യന്‍ അധികാരികളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ത്രീ സുരക്ഷയ്ക്കു കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നാണു പ്രതീക്ഷ. ഇന്ത്യയിലെ സ്ത്രീകള്‍ അതാഗ്രഹിക്കുന്നു’– അവർ വ്യക്തമാക്കി. ജനുവരിയിൽ ലോക സാമ്പത്തിക ഫോറം ഉച്ചകോടിയുടെ സമയത്തും സ്ത്രീസുരക്ഷാ വിഷയത്തിൽ മോദിയെ ലഗാർദെ വിമർശിച്ചിരുന്നു.

ഇന്ത്യയിൽ പീഡനക്കേസുകൾ വർധിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന ‘കുറ്റകരമായ മൗന’ത്തെ രൂക്ഷമായി വിമർശിച്ചു പ്രശസ്ത യുഎസ് പത്രം ന്യൂയോർക്ക് ടൈംസ് മുഖപ്രസംഗം എഴുതിയതിനു പിന്നാലെയാണ് ഐഎംഎഫ് മേധാവിയുടെ പരാമർശം. രാജ്യത്തു സ്ത്രീകൾ, മുസ്‌ലിംകൾ, ദലിതർ എന്നിവരെ ഭയപ്പെടുത്തി നിർവീര്യരാക്കാൻ ദേശീയതയുടെ പേരിൽ സംഘടിത ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുന്നതായി പത്രം കുറ്റപ്പെടുത്തി.

ലോകത്ത് എന്തു സംഭവമുണ്ടായാലും ഉടനെ ട്വിറ്റർ സന്ദേശത്തിൽ പ്രതികരിക്കുന്ന മോദി, തീവ്ര ദേശീയ, വർഗീയ ശക്തികൾ വനിതകളെയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിടുമ്പോൾ മിണ്ടുന്നില്ല. ‘മോദിയുടെ നിശ്ശബ്ദത അമ്പരപ്പിക്കുന്നതും ദുഃഖകരവുമാണ്’– പത്രം അഭിപ്രായപ്പെട്ടു.