പാരമ്പര്യ രാഷ്ട്രീയത്തിൽ നിന്നു മോചിപ്പിക്കും; സോണിയയുടെ മണ്ഡ‍ലത്തിൽ അമിത് ഷാ

ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ

റായ്ബറേലി∙ പാരമ്പര്യ രാഷ്ട്രീയത്തിൽ നിന്നു റായ്ബറേലിയെ മോചിപ്പിക്കുമെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. കോൺഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ച് റായ്ബറേലിയിൽ വികസനം സാധ്യമാക്കുമെന്നും കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലത്തിൽ സംഘടിപ്പിച്ച ബിജെപിയുടെ പൊതുയോഗത്തിൽ അദ്ദേഹം പറഞ്ഞു. ‘സ്വാതന്ത്ര്യം ലഭിച്ചതുമുതൽ റായ്ബറേലിയിൽ‌ പാരമ്പര്യ രാഷ്ട്രീയമാണ് നിലവിലുള്ളത്. എന്നാൽ പേരിനു പോലും ഇവിടെ വികസനമില്ല. പാരമ്പര്യ രാഷ്ട്രീയത്തിൽ നിന്നു മോചനം നേടുന്നതിനായുള്ള ബോധവൽക്കരണമാണു മണ്ഡലത്തിൽ ബിജെപി നടത്തുന്നത്’– അമിത് ഷാ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ റായ്ബറേലി സന്ദർശിച്ചു സോണിയ ഗാന്ധി മടങ്ങിയതിനു പിന്നാലെയായിരുന്നു അമിത് ഷായുടെ വരവ്.

വികസനത്തിന്റെ ഉത്തമമാതൃകയാക്കി മണ്ഡലത്തെയും ജില്ലയെയും മാറ്റും. നിയമ വാഴ്ചയില്ലാത്ത ഗുണ്ടാ രാജ് ഭരണമായിരുന്നു ഉത്തർപ്രദേശിൽ ഉണ്ടായിരുന്നത്. എന്നാൽ യോഗി ആദിത്യനാഥ് സർക്കാർ വന്നതോടെ സംസ്ഥാനത്ത് ക്രമസമാധാനം സ്ഥാപിക്കപ്പെട്ടു. തീവ്രവാദ കേസുകളിൽ ഹിന്ദുമത വിശ്വാസികളെ ആക്ഷേപിക്കാനാണു കോണ്‍ഗ്രസിന്റെ ശ്രമമെന്നും രാഹുൽ ഗാന്ധി മാപ്പു പറയണമെന്നും മക്ക മസ്ജിദ് സ്ഫോടന കേസിൽ സ്വാമി അസീമാനന്ദയെ കുറ്റവിമുക്തനാക്കിയതു ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

2019ൽ കൂടുതൽ ജനപിന്തുണയോടെ നരേന്ദ്ര മോദി സർക്കാർ തന്നെ അധികാരത്തിലെത്തും. കർണാടക തിരഞ്ഞെടുപ്പിലും കോൺഗ്രസിനെ ബിജെപി പരാജയപ്പെടുത്തും. മേയ് 15നു ശേഷം രാജ്യത്ത് ബിജെപിക്ക് പതിനാറാം സംസ്ഥാന സർക്കാർ ഉണ്ടാകും– അമിത് ഷാ അവകാശപ്പെട്ടു. 2014ലെ പൊതു തിരഞ്ഞെടുപ്പില്‍ യുപിയിൽ‌ ബിജെപി വിജയിച്ചിരുന്നെങ്കിലും റായ് ബറേലിയിലും അമേഠിയിലും കോൺഗ്രസിനോടു തോറ്റിരുന്നു. 1952 മുതൽ നടന്ന തിരഞ്ഞെടുപ്പുകളില്‍ മൂന്നു തവണയൊഴികെ റായ്ബറേലിയില്‍ കോൺഗ്രസിനായിരുന്നു വിജയം.