യശ്വന്ത് സിൻഹ കോൺഗ്രസുകാരെപ്പോലെ: പാർട്ടി വിട്ടതിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

യശ്വന്ത് സിൻഹ

ന്യൂഡൽഹി∙ പാർട്ടി വിട്ട യശ്വന്ത് സിൻഹയ്ക്കെതിരെ രൂക്ഷ ഭാഷയിൽ പ്രതികരിച്ച് ബിജെപി. കോൺഗ്രസുകാരനെ പോലെയായിരുന്നു സിൻഹയുടെ പെരുമാറ്റമെന്നും പാർട്ടി വിട്ടുപോയതിൽ അദ്ഭുതമില്ലെന്നും ബിജെപി വ്യക്തമാക്കി. അദ്ദേഹത്തിന്റെ പ്രതികരണങ്ങളും എഴുത്തും കോൺഗ്രസുകാരുടേതിനു സമാനമായിരുന്നു. സിന്‍ഹയ്ക്ക് ബിജെപി ഒട്ടേറെ പദവികളും ബഹുമാനവും കൊടുത്തു. എന്നാൽ അതിനു നിരക്കുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ പെരുമാറ്റം. പ്രതിപക്ഷത്തിന്റെ വാക്കുകൾ കേൾക്കുന്ന നേതാവിനെപ്പോലെയായിരുന്നു യശ്വന്ത് സിൻഹ–ബിജെപി വക്താവ് അനിൽ ബലൂനി മാധ്യമങ്ങളോടു പറഞ്ഞു.

ബിജെപി വിടുന്നതായും  മറ്റൊരു രാഷ്ട്രീയ പാർട്ടിയിലും ചേരാൻ ആഗ്രഹിക്കുന്നില്ലെന്നും ശനിയാഴ്ചയാണ് യശ്വന്ത് സിൻഹ അറിയിച്ചത്.‘രാഷ്ട്ര മഞ്ച്’ ചർച്ചാവേദി പട്നയിൽ സംഘടിപ്പിച്ച സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. താൻ സ്വയം ബിജെപി വിടില്ലെന്നും പാർട്ടിക്കു വേണമെങ്കിൽ പുറത്താക്കാമെന്നും ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ യശ്വന്ത് സിൻഹ പറഞ്ഞിരുന്നു. രാഷ്ട്ര മഞ്ച് എന്ന പേരിൽ രാഷ്ട്രീയ സംഘടന പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ഇത്. രാഷ്ട്ര മഞ്ച് രാഷ്ട്രീയ പാർട്ടിയല്ലെന്നും ദേശീയ പ്രസ്ഥാനമാണെന്നുമാണു യശ്വന്ത് സിൻഹയുടെ അവകാശവാദം. 

വാജ്പേയി സർക്കാരിൽ ധന, വിദേശകാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്ത സിൻഹ നരേന്ദ്ര മോദി സർക്കാരിനെ പരസ്യമായി വിമർശിച്ചിരുന്നു. യശ്വന്ത് സിൻഹയുടെ മകൻ ജയന്ത് സിൻഹ നിലവിൽ മോദി സർക്കാരിൽ വ്യോമയാന മന്ത്രിയാണ്.