പറഞ്ഞത് മോദിയുടെ മാനേജ്മെന്റ് തന്ത്രങ്ങളെക്കുറിച്ചെന്ന് കെ.വി. തോമസ്; തൃപ്തികരമാണെന്ന് കെപിസിസി

കെ.വി. തോമസ്

തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മാനേജ്‌മെന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച യോഗത്തില്‍ പ്രസംഗിച്ചെന്ന മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍  കെ.വി. തോമസ് എംപി കെപിസിസി പ്രസിഡന്റിനു വിശദീകരണം നല്‍കി. നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള ജനരോക്ഷം മറികടക്കാന്‍ പ്രധാനമന്ത്രി പ്രയോഗിക്കുന്ന മാനേജ്‌മെന്റ് തന്ത്രങ്ങളെകുറിച്ചാണ് താന്‍ യോഗത്തില്‍ പരാമര്‍ശിച്ചതെന്നും മറിച്ചു നരേന്ദ്രമോദി മികച്ച ഭരണാധികാരിയാണെന്നു പറഞ്ഞിട്ടില്ലെന്നും കെ.വി.തോമസ് വിശദീകരണ കത്തില്‍ വ്യക്തമാക്കി. 

തന്റെ പ്രസംഗത്തെ ചില മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് വാര്‍ത്ത നല്‍കിയത്. പാര്‍ലമെന്റിന് അകത്തും പുറത്തും നരേന്ദ്രമോദിയുടെ ജനദ്രോഹ നടപടികള്‍ക്കെതിരേയും വര്‍ഗീയ ഫാസിസ്റ്റ് പ്രവണതകള്‍ക്കെതിരേയും ശക്തമായി പ്രതികരിക്കുന്ന വ്യക്തിയാണു താനെന്നും അദ്ദേഹം വിശദീകരിച്ചു.

കെ.വി.തോമസ് കെപിസിസിക്ക് നല്‍കിയ വിശദീകരണം പൂര്‍ണ്ണ തൃപ്തികരമാണെന്നും ആയതിനാല്‍ മറ്റു നടപടികളൊന്നും ഉണ്ടാകില്ലെന്നും എം.എം.ഹസന്‍ അറിയിച്ചു.