അംഗങ്ങളേറെ; പാർട്ടി കോൺഗ്രസിലും കരുത്തു തെളിയിച്ച് കണ്ണൂർ സിപിഎം

ഫയൽ ചിത്രം

കണ്ണൂർ∙ ഇന്ത്യയിലെ എഴുന്നൂറിലേറെ ജില്ലകളിൽ ഒന്നു മാത്രമാണെങ്കിലെന്താ, രാജ്യത്തെ ഏറ്റവും ശക്തമായ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കേന്ദ്ര കമ്മിറ്റിയിലെ പത്തിലൊന്നോളം പേർ ഇപ്പോൾ ഈ ജില്ലയിൽ നിന്നാണ്: കണ്ണൂരിൽ നിന്ന്. ഇന്ത്യയിൽ സിപിഎമ്മിന്റെ ഏറ്റവും ശക്തമായ ഘടകം എന്ന വിശേഷണം വീണ്ടും നിലനിർത്തുകയാണു കണ്ണൂർ. 

ഹൈദരാബാദിൽ സമാപിച്ച  പാർട്ടി കോൺഗ്രസിൽ നിശ്ചയിക്കപ്പെട്ട 95 അംഗ കേന്ദ്ര കമ്മിറ്റി(സിസി)യിൽ ഏതാണ്ടു പത്തിലൊന്നു പേരും കണ്ണൂരിൽ നിന്നാണ്. എം.വി.ഗോവിന്ദനും വിജു കൃഷ്ണനും പുതുതായി തിര‍ഞ്ഞെടുക്കപ്പെട്ടതോടെ എട്ടു പേരാണിപ്പോൾ കണ്ണൂരിൽ നിന്നു സിസിയിലുള്ളത്: പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എ.കെ.പത്മനാഭൻ, പി.കെ.ശ്രീമതി, ഇ.പി.ജയരാജൻ, കെ.കെ.ശൈലജ, എം.വി.ഗോവിന്ദൻ, വിജു കൃഷ്ണൻ.

കണ്ണൂരിന്റെ മരുമകനും കണ്ണൂർ ജില്ലയുടെ വലിയൊരു ഭാഗം ഉൾപ്പെടുന്ന കാസർകോട് ലോക്സഭാ മണ്ഡലത്തിലെ എംപിയുമായ പി.കരുണാകരനെയും കണ്ണൂരിനു പ്രതിനിധിയായി അവകാശപ്പെടാം. തലശ്ശേരി ബ്രണ്ണൻ കോളജിൽ നിന്നു രാഷ്ട്രീയം പഠിച്ചുവളർ‌ന്ന എ.കെ.ബാലനിലുമുണ്ട് കണ്ണൂരിനൊരു അവകാശം. 

ദീർഘകാലമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണു ദേശാഭിമാനി ചീഫ് എ‍ഡിറ്റർ കൂടിയായ എം.വി.ഗോവിന്ദൻ. മഹാരാഷ്ട്രയിലെ കർഷകരുടെ ലോങ്മാർച്ചിന്റെ മുഖ്യസംഘാടകരിലൊരാളായി ശ്രദ്ധേയനായ വിജു കൃഷ്ണൻ നിലവിൽ അഖിലേന്ത്യാ കിസാൻ സഭ ജോയിന്റ് സെക്രട്ടറിയാണ്. കരിവെള്ളൂർ ഓണക്കുന്ന് സ്വദേശിയാണ്. ഇപ്പോൾ ഡൽഹി കേന്ദ്രീകരിച്ചാണു പ്രവർത്തനം.