ചീഫ് ജസ്റ്റിസിന്റെ ഇംപീച്ച്മെന്റ്: പ്രതിപക്ഷത്തിന്റെ നോട്ടിസ് ഉപരാഷ്ട്രപതി തള്ളി

ന്യൂഡൽഹി∙ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള നോട്ടിസ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തള്ളി. ഇംപീച്ച്മെന്റിന് ഉതകുന്ന തരത്തിലുള്ള കാരണങ്ങളല്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണു നടപടി. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്നും ഉപരാഷ്ട്രപതി വിലയിരുത്തി. ഹൈദരാബാദിലായിരുന്ന ഉപരാഷ്ട്രപതി സന്ദർശനം വെട്ടിച്ചുരുക്കി നോട്ടിസ് പരിഗണിക്കുന്നതിനായി ഡൽഹിയിൽ എത്തുകയായിരുന്നു.

തീരുമാനത്തിലെത്തുന്നതിനു മുൻപ് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ, സുപ്രീം കോടതി മുൻ ജഡ്ജി വി. സുദർശൻ റെഡ്ഡി, ലോക്സഭ മുൻ സെക്രട്ടറി ജനറൽ സുഭാഷ് കശ്യപ്, മുൻ നിയമ സെക്രട്ടറി പി.കെ. മൽഹോത്ര, മുൻ ലെജിസ്ലേറ്റീവ് സെക്രട്ടറി സഞ്ജയ് സിങ്, രാജ്യസഭ സെക്രട്ടേറിയറ്റിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി ഉപരാഷ്ട്രപതി ചർച്ച നടത്തിയിരുന്നു.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളാണ് ഉപരാഷ്ട്രപതിക്ക് നോട്ടിസ് നൽകിയത്. 60 എംപിമാര്‍ നോട്ടിസിൽ ഒപ്പിട്ടുണ്ടെന്നു കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്നു.

സിബിഐ പ്രത്യേക ജ‍ഡ്ജി ബി.എച്ച്. ലോയയുടെ മരണത്തിൽ അസ്വഭാവികതയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു കോടതിയിലും കേസ് പരിഗണിക്കരുതെന്നും വ്യാഴാഴ്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെയാണു ഇംപീച്ച്മെന്റ് നടപടികളുമായി പ്രതിപക്ഷം മുന്നോട്ടുവന്നത്. സുപ്രീംകോടതിയിലെ അസാധാരണ സാഹചര്യം പരിഹരിക്കണമെന്നാവശ്യപ്പെട്ടു നാലു മുതിർന്ന ജഡ്ജിമാർ നേരത്തേ വാർത്താസമ്മേളനം വിളിച്ചിരുന്നു.