ഫുൾ കോർട്ട് വിളിക്കണം: മുതിർന്ന ജഡ്ജിമാർ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട്

ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി. ലോക്കൂർ

ന്യൂഡൽഹി∙ സുപ്രീം കോടതിയിലെ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാകുന്നില്ലെന്ന സൂചനയുമായി ഫുൾകോർട്ട് വിളിക്കണമെന്ന ആവശ്യം വീണ്ടും ഉയരുന്നു. രണ്ടു മുതിർന്ന ജഡ്ജിമാർ ഇക്കാര്യം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദീപക് മിശ്രയ്ക്കെതിരായ ഇംപീച്ച്മെന്റ് നോട്ടിസ് ഉപരാഷ്ട്രപതി തള്ളിയതിന്റെ പശ്ചാത്തലത്തിൽക്കൂടിയാണ് ജഡ്ജിമാർ ചീഫ് ജസ്റ്റിസിന് കത്തയച്ചത്.

ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയ്, മദൻ ബി. ലോക്കൂർ എന്നിവരാണു കത്ത് അയച്ചിരിക്കുന്നത്. ജുഡീഷ്യറിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നത് സുപ്രീം കോടതിയിലെ എല്ലാ ജഡ്ജിമാരും കൂടിയാലോചനകൾക്കായി ചേരുന്ന ഫുൾ കോർട്ട് വിളിച്ചാണ്. ചീഫ് ജസ്റ്റിസാണ് ഫുൾ കോർട്ട് വിളിക്കേണ്ടത്.

അടുത്ത ചീഫ് ജസ്റ്റിസ് ആകേണ്ടുന്ന ജസ്റ്റിസ് ഗൊഗോയ് മിശ്രയുടെ വീട്ടിലേക്ക് ഞായറാഴ്ച കത്ത് അയച്ചതിനുപിന്നാലെ രാവിലെ ജഡ്ജിമാർക്കിടയിലും ഈ ആവശ്യം ഉന്നയിച്ചു. രാവിലെ ജഡ്ജിമാർക്കായുള്ള പതിവു ചായസൽക്കാരത്തിലാണു ഗൊഗോയ് ഈ ആവശ്യം ഉന്നയിച്ചത്. ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നോട്ടിസ് ഉപരാഷ്ട്രപതി തള്ളിയതിന്റെ കാര്യങ്ങളുൾപ്പെടെ രാവിലത്തെ ചായസൽക്കാരത്തിൽ ജഡ്ജിമാർ സംസാരിച്ചിരുന്നു. ഇതിനാൽ പതിവിലും താമസിച്ചാണ് ജ‍ഡ്ജിമാർ കോടതിമുറികളിലെത്തിയത്.

സുപ്രീം കോടതിയുടെ ചരിത്രത്തിലാദ്യമായി നാലു മുതിർന്ന ജഡ്ജിമാർ പത്രസമ്മേളനം നടത്തി കാര്യങ്ങൾ പുറത്തുപറയുന്ന സാഹചര്യമുണ്ടായിരുന്നു. ജസ്റ്റിസുമാരായ ഗൊഗോയ്, ലോക്കൂർ എന്നിവരെ കൂടാതെ ജെ. ചെലമേശ്വർ, കുര്യൻ ജോസഫ് എന്നിവരും പത്രസമ്മേളനം നടത്തിയവരുടെ കൂട്ടത്തിലുണ്ടായിരുന്നു.