ഒടുവിൽ കേന്ദ്രാനുമതി; ഇന്ദു മൽഹോത്ര സുപ്രീംകോടതി ജഡ്ജിയാകും

ന്യൂഡൽഹി∙ മൂന്നുമാസം നീണ്ട വിവാദങ്ങള്‍ക്കൊടുവില്‍ മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയെ സുപ്രീംകോടതി ജഡ്ജിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചു. കൊളീജിയം മൂന്നുമാസം മുന്‍പ് നല്‍കിയ ശുപാര്‍ശ നിയമമന്ത്രാലയം അംഗീകരിച്ചു. എന്നാല്‍ മലയാളിയായ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിന്റെ നിയമനകാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. 

സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകയാണ് ഇന്ദു മൽഹോത്ര. സുപ്രീം കോടതിയിൽ നേരിട്ടു നിയമിക്കപ്പെടുന്ന ആദ്യ വനിതാ അഭിഭാഷകയാണ് ഇവർ. സുപ്രീം കോടതി ജഡ്‌ജിയാവുന്ന ഏഴാമത്തെ വനിതയും. ജസ്‌റ്റിസ് ഫാത്തിമ ബീവിയാണു സുപ്രീം കോടതി ജഡ്‌ജിയായ ആദ്യ വനിത.

സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായിരുന്ന ഒ.പി.മൽഹോത്രയുടെ മകളാണ് ഇന്ദു. 2007ലാണു സുപ്രീം കോടതിയിൽ സീനിയർ പദവി ലഭിച്ചത്. അതിനു 30 വർഷം മുൻപു ലീലാ സേത്തിനു സീനിയർ പദവി ലഭിച്ചു. ലീലാ സേത്ത് പിന്നീടു ജഡ്‌ജിയായി. ചീഫ് ജസ്‌റ്റിസ് ദീപക് മിശ്രയ്‌ക്കു പുറമേ, ജഡ്ജിമാരായ ജസ്‌തി ചെലമേശ്വർ, രഞ്‌ജൻ ഗൊഗോയ്, മദൻ ബി.ലൊക്കൂർ, കുര്യൻ ജോസഫ് എന്നിവരും ഉൾപ്പെട്ട കൊളീജിയമാണു സുപ്രീം കോടതിയിലേക്കുള്ള നിയമനങ്ങൾ ശുപാർശ ചെയ്‌തത്.