പാക്കിസ്ഥാന്റെ ജെഎഫ്–17 ‘ഇന്നത്തെ’ യുദ്ധവിമാനം; തേജസ് ഭാവിയുടേതും: വ്യോമസേന മേധാവി

തേജസ് യുദ്ധവിമാനം (ഫയൽ ചിത്രം)

ന്യൂഡൽഹി∙ പാക്കിസ്ഥാന്റെ ജെഎഫ്–17 യുദ്ധവിമാനം ഇന്നത്തെ കാലത്തിന്റെ വിമാനമാണെങ്കിൽ ഭാവിയുടെ യുദ്ധവിമാനം ഇന്ത്യ തദ്ദേശീയമായി നിർമിച്ച തേജസ് ആണെന്ന് വ്യോമസേന മേധാവി ബി.എസ്. ധനോവ. ഭാരംകുറഞ്ഞ, ഒറ്റ എൻജിനുള്ള പല കാര്യങ്ങൾക്കുപയോഗിക്കാനാകുന്ന ജെഎഫ്–17 പാക്കിസ്ഥാനും ചൈനയും ചേർന്ന് സംയുക്തമായാണ് നിർമിച്ചത്.

‘ഏവിയേഷൻ ജേർണലുകളിൽ വളരെ നല്ല ഒരു ലേഖനമുണ്ട്. അതിൽ ലേഖകൻ പറയുന്നത് ജെഎഫ്–17 എന്നത് തേജസിന്റെ അത്രയും സാങ്കേതിക തികവാർന്നതല്ലെന്നാണ്. ഇന്നത്തെ യുദ്ധവിമാനമായിരിക്കാം ജെഎഫ്–17 കാരണം നമ്മുടേതിനാൽ കൂടുതൽ കാര്യങ്ങൾ അവയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. എന്നാൽ തേജസ് ആണ് ഭാവിയിലെ യുദ്ധവിമാനം. അവരുടേതിനെക്കാൾ മികച്ചതാണ് നമ്മുടെ സംവിധാനങ്ങൾ. അവയെ നമ്മൾ എങ്ങനെ ഉപയോഗിക്കുമെന്നതുപോലെ ഇരിക്കും. നമുക്ക് മികച്ച ഒരു യുദ്ധവിമാനമാക്കി തേജസിനെ ഉയർത്താനാകുമെന്ന പ്രതീക്ഷയും തനിക്കുണ്ട്’ – ഏതാണ് മികച്ച യുദ്ധവിമാനമെന്ന ചോദ്യത്തിനു നൽകിയ മറുപടിയിൽ ധനോവ പറഞ്ഞു.

ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് ആയ തേജസ് ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) ആണ് തേജസ് നിർമിച്ചിരിക്കുന്നത്. 2016 ജൂലൈയിൽ ഇന്ത്യൻ വ്യോമസേയിൽ ഉപയോഗിച്ചുതുടങ്ങിയിരുന്നു.

അതേസമയം, തേജസിനെ റഫാലുമായി താരതമ്യപ്പെടുത്താനാകുമോ എന്ന ചോദ്യത്തിന് ഓരോ യുദ്ധവിമാനങ്ങൾക്കും ഓരോ തരത്തിലുള്ളതാണെന്നും വ്യത്യസ്ത ശേഷികളാണ് ഉള്ളതെന്നുമായിരുന്നു മറുപടി.