ചായ രുചിച്ച്, ബോട്ടു സവാരി നടത്തി മോദി; ഹൃദയം തുറന്ന് ചൈനയുടെ ഷി

ഈസ്റ്റ് ലെയ്ക്ക് തീരത്തെ പൂന്തോട്ട കാഴ്ചകൾ കണ്ടശേഷം ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനൊപ്പം ചായ ആസ്വദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിത്രം : ട്വിറ്റർ

വുഹാൻ ∙ അനൗപചാരിക ഉച്ചകോടിയുടെ രണ്ടാംദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഊഷ്മള സൗഹൃദം പങ്കിട്ട് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്. മോദിക്കു ചൈനയുടെ പരമ്പരാഗത സൽക്കാരമായ ചായ നൽകിയാണു വുഹാൻ ഉച്ചകോടിയുടെ രണ്ടാംദിനത്തിനു ഷി തുടക്കമിട്ടത്.

ഈസ്റ്റ് ലെയ്ക്ക് തീരത്തെ പൂന്തോട്ട കാഴ്ചകൾ ഷി മോദിക്കു കാണിച്ചുകൊടുത്തു. തുടർന്നായിരുന്നു ചായസൽക്കാരം. ചൈനയുടെ പ്രൗഢശിൽപഭംഗി വിളിച്ചോതുന്ന ഡബിൾ ഡെക്കർ ബോട്ടിലെ സവാരിയായിരുന്നു അടുത്തത്. കാഴ്ചകൾ കണ്ടുള്ള സവാരി ഒരു മണിക്കൂർ നീണ്ടു. ചായ രുചിച്ചു ബോട്ടുസവാരി നടത്തുന്നതിനിടെ മോദിയും ഷിയും ആഹ്ലാദത്തോടെ സൗഹൃദ സംഭാഷണവും നടത്തി. ചൈനീസ് പ്രസിഡന്റിന്റെ ഉച്ചവിരുന്നിനു ശേഷം മോദി ഇന്ത്യയിലേക്കു തിരിക്കും.

ചൈനയിലേക്കു മോദിയുടെ നാലാം സന്ദർശനമായിരുന്നു ഇത്. ഷാങ്ഹായ് സഹകരണ സംഘടന (എസ്‍സിഒ) ഉച്ചകോടിയിൽ പങ്കെടുക്കാൻ ജൂണിൽ അദ്ദേഹം വീണ്ടും ചൈനയിലെത്തും. കൂടുതൽ യോജിച്ചുപ്രവർത്തിക്കാനുള്ള താൽപര്യം തുറന്നുപറഞ്ഞാണ് ഉച്ചകോടി സമാപിക്കുന്നത്. കമ്യൂണിസ്റ്റ് ചൈനയുടെ സ്ഥാപകനായ മാവോ സെദുങ്ങിന്റെ ഇഷ്ട വിശ്രമകേന്ദ്രമായിരുന്ന വുഹാനാണ് ഉച്ചകോടിക്കു വേദിയായത്.

ഹുബെയ് പ്രൊവിൻഷ്യൽ മ്യൂസിയത്തിൽ മോദിയെ വരവേറ്റ ഷി, 40 മിനിറ്റോളം ഇവിടത്തെ കാഴ്ചകൾ അദ്ദേഹത്തെ നടന്നുകാണിച്ചു. ഇരുപക്ഷത്തുനിന്നും ആറംഗ ഉദ്യോഗസ്ഥ സംഘം ഉൾപ്പെട്ട ചർച്ചയുമുണ്ടായി. 2019ൽ ഇതുപോലെ ഡൽഹിയിൽ ഉച്ചകോടി നടത്താൻ ഷിയെ ക്ഷണിച്ചു. ആഗോളതലത്തിൽ വളർച്ചയുടെ ചാലകശക്തിയാണ് ഇന്ത്യയും ചൈനയും. ലോകത്തു സമാധാനവും സുസ്ഥിരതയും നിലനിർത്താൻ നല്ലനിലയിലുള്ള ഇന്ത്യ– ചൈന സൗഹൃദം സുപ്രധാനമാണെന്നു ഷി പറഞ്ഞു.