‘മതംമാറ്റുന്നവരുടെ കഴുത്തുവെട്ടൽ’ പ്രസംഗം: സാധ്വി സരസ്വതിക്കെതിരെ കേസെടുത്തു

സാധ്വി സരസ്വതി (ഫയൽ ചിത്രം)

ബദിയടുക്ക∙ പ്രണയം നടിച്ചു മതം മാറ്റുന്നവരുടെ കഴുത്തുവെട്ടണമെന്നു പ്രസംഗിച്ച വിഎച്ച്പി നേതാവ് സാധ്വി സരസ്വതിക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഹിന്ദു സമാജോൽസവത്തിൽ വർഗീയ വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തത്. മത വിദ്വേഷ പ്രസംഗം, മത സ്പർധ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

നൗഫൽ ഉളിയത്തടുക്കയാണു സാധ്വി സരസ്വതിക്കെതിരെ എസ്പിക്കു പരാതി നൽകിയത്. സംഭവത്തിൽ സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ലോക്കൽ കമ്മിറ്റി മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. സനാതൻ ധർമപ്രചാർ സേവാ സമിതി എന്ന ഹിന്ദു സംഘടനയുടെ പ്രസിഡന്റാണു മധ്യപ്രദേശുകാരിയായ സാധ്വി.

സാധ്വി സരസ്വതിയുടെ പ്രസംഗത്തിൽനിന്ന്:

‘ഒരു ലക്ഷം രൂപ മൊബൈൽ ഫോണിനു മുടക്കുന്നവർ 1000രൂപയ്ക്ക് ഒരു വാൾ കൂടി വാങ്ങി തങ്ങളുടെ സഹോദരിമാർക്കു സമ്മാനിക്കണം. പ്രണയം നടിച്ചു മതം മാറ്റുന്നവരെ ഇത് ഉപയോഗിച്ചു വേണം കൊല്ലാൻ.’ പശുവിനെ കൊല്ലുന്നവരെയും ജനമധ്യത്തിൽ കഴുത്തറുക്കണമെന്നും അവർ പറഞ്ഞു.

‘ഹിന്ദുക്കൾ ആയുധമെടുത്തു വിപ്ലവം നടത്തണം. എങ്കിലേ മതം മുന്നോട്ടു പോവുകയുള്ളു. ഭാരത് മാതാ കീ ജയ് വിളിക്കാൻ മടിക്കുന്നവർ അയോധ്യയിലെ ക്ഷേത്രം പൂർത്തിയാകുമ്പോൾ ജയ് ശ്രീരാം എന്നെങ്കിലും വിളിക്കും.’ ഇതിനായി നിയമസഭയിൽ കാവിക്കൊടി പാറിക്കണമെന്നും അവർ ആഹ്വാനം ചെയ്തിരുന്നു.